ന്യൂഡൽഹി: ജനങ്ങളോട് ഖാദിവസ്ത്രം ധരിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപയോഗിക്കാത്തവരുണ്ടെങ്കിൽ ഈവർഷം അതിന് തുടക്കം കുറിക്കണമെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഖാദി ഗ്രാമോദ്യോഗിന്റെ വിൽപ്പന ആദ്യമായി ഒന്നരലക്ഷം കോടിരൂപ കടന്നു. 400 ശതമാനം വർധിച്ചു. ഖാദിയുടെയും കൈത്തറിയുടെയും വർധിച്ചുവരുന്ന വിൽപ്പന വൻതോതിൽ തൊഴിലവസരം സൃഷ്ടിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട സ്ത്രീകൾക്കാണിതിന്റെ പ്രയോജനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാണയിലെ റോത്തക്കിൽ ‘ഉന്നതി’ സ്വയം സഹായ സംഘമുണ്ടാക്കി ബ്ലോക്ക് പ്രിന്റിങ്ങിലും ചായംമുക്കലിലും പരിശീലനം നേടിയ വനിതകൾ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നത് ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മയക്കുമരുന്നിന് ഇരയാകുന്നവരെ സഹായിക്കാൻ ‘മാനസ്’ എന്നപേരിൽ ഒരു പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള ‘മാനസ്’ ഹെൽപ്പ് ലൈനും പോർട്ടലും 1933 എന്ന ടോൾഫ്രീ നമ്പറുമുണ്ട്.
ഇതിൽ വിളിച്ചാൽ ആവശ്യമായ ഉപദേശവും പുനരധിവാസ വിവരങ്ങളും ലഭിക്കും. ‘നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ’യുമായി വിവരം പങ്കിടാം. ഭാരതത്തെ മയക്കുമരുന്ന് വിമുക്തമാക്കാൻ ‘മാനസ്’ ഹെൽപ്പ് ലൈൻ പരമാവധി ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
ഗണിത ഒളിമ്പ്യാഡിൽ പങ്കെടുത്ത വിദ്യാർഥികളുമായി പ്രധാനമന്ത്രി മൻ കി ബാത്തിൽ സംവദിച്ചു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ആശംസകളും നേർന്നു.