
ദില്ലി: ഇൻഫോസിസിന്റെ കമ്പനി ബോർഡിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കിരൺ മജുംദാർ ഷാ. കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇൻഫോസിസിൽ നിന്നും കിരൺ മജുംദാർ ഷാ വിരമിക്കൽ പ്രഖ്യാപിച്ചത്.
2014-ൽ കമ്പനിയിൽ സ്വതന്ത്ര ഡയറക്ടറായും 2018-ൽ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായും നിയമിതയായ കിരൺ, നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയുടെയും ബോർഡിന്റെ റിസ്ക് മാനേജ്മെന്റ് കമ്മിറ്റിയുടെയും അംഗമായും അവർ സേവനമനുഷ്ഠിച്ചു.
അതേസമയം, നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2023 മാർച്ച് 23 മുതൽ ഇൻഫോസിസ് ഡി സുന്ദരത്തെ കമ്പനിയുടെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചു.
2017 മുതൽ ഇൻഫോസിസിന്റെ ബോർഡിൽ അംഗമാണ് സുന്ദരം. ഓഡിറ്റ്, റിസ്‌ക് മാനേജ്‌മെന്റ്, സ്‌റ്റേക്ക്‌ഹോൾഡേഴ്‌സ് റിലേഷൻഷിപ്പ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി, സൈബർ സെക്യൂരിറ്റി റിസ്ക് സബ് കമ്മിറ്റികൾ എന്നിവയിൽ അദ്ദേഹം പ്രവർത്തിക്കുന്നു.
വർഷങ്ങളായി ബോർഡിന് വിലപ്പെട്ട മാർഗനിർദേശവും നേതൃത്വവും നൽകിക്കൊണ്ട് ഇൻഫോസിസ് കുടുംബത്തിലെ അവിഭാജ്യ അംഗമായതിന് കിരണിനോട് നന്ദി പറയുന്നതായി ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു.
ബോർഡിലെ സഖ്യകക്ഷിയും മികച്ച പ്രവർത്തങ്ങൾ കാഴ്ചവെച്ച സഹപ്രവർത്തകയുമായതിനാൽ വ്യക്തിപരമായി നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര ഡയറക്ടറായി നിയമിതനായ സുന്ദരത്തെ അഭിനന്ദിക്കുന്നതായും ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു.
ആരാണ് കിരൺ മജുംദാർ ഷാ?
മാനേജ്മെന്റ് സ്‌കൂളുകളിൽ നിന്നും ബിരുദങ്ങൾ വാരിക്കൂട്ടാതെ തന്നെ ഒരു ലോകോത്തര കമ്പനിയുടെ ചെയർപഴ്സണും മാനേജിങ് ഡയറക്ടറുമായ വ്യക്തിയാണ് കിരൺ മജുംദാർ ഷാ.
2014ൽ സയൻസിനും രസതന്ത്രത്തിനുമുളള സംഭവനകളെ മാനിച്ച് ലോകോത്തര പുരസ്കാരമായ ‘ഓത്ത്മെർ ഗോൾഡ് മെഡൽ’ കിരണിന് ലഭിച്ചു. മാത്രമല്ല, 1989 ൽ പദ്മശ്രീയും 2005ൽ പദ്മഭൂഷണും നൽകി രാഷ്ട്രം അവരെ ആദരിച്ചു.
ടൈം മാഗസിന്റെയും ഫിനാൻഷ്യൽ ടൈമിന്റെയും ഫോർബ്സ് മാഗസിന്റെയുമൊക്കെ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതകളുടെ ലിസ്റ്റിൽ കിരൺ ഇടപിടിച്ചിട്ടുണ്ട്. അതേസമയം, തന്റെ സ്വത്തിന്റെ അൻപതു ശതമാനം സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ് കിരൺ.
മനുഷ്യസ്നേഹിയായ കിരൺ, കർണാടകയിലെ സാധാരണ ജനങ്ങൾക്ക് ചികിൽസാസഹായം എത്തിക്കാൻ 1400 കിടക്കകളുള്ള ഒരു ആശുപത്രിയും ഗ്രാമ ഗ്രാമാന്തരങ്ങളിൽ സൗജന്യ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.