
മുംബൈ: സ്വരാജ് എഞ്ചിൻസ് ലിമിറ്റഡിന്റെ 17.41 ശതമാനം ഓഹരികൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് (എം ആൻഡ് എം) വിൽക്കാൻ പദ്ധതിയുമായി കിർലോസ്‌കർ ഇൻഡസ്ട്രീസ് ലിമിറ്റഡ് (കെഐഎൽ). ഒരു ഓഹരിക്ക് 1,400 രൂപ നിരക്കിലാകും വിൽപ്പന നടക്കുക.
സെബിയുടെ 10(1)(എ)(ii) റെഗുലേഷൻ പ്രകാരം പ്രൊമോട്ടർമാർക്കിടയിലെ ഇന്റർ-സെ ട്രാൻസ്ഫർ വഴിയാണ് ഓഹരി വിറ്റഴിക്കലെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രസ്തുത കൈമാറ്റത്തിന് ശേഷം സ്വരാജ് എഞ്ചിൻസിലെ കിർലോസ്‌കർ ഇൻഡസ്ട്രീസിന്റെ ഷെയർഹോൾഡിംഗും തുടർന്നുള്ള വോട്ടിംഗ് അവകാശങ്ങളും ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 17.41 ശതമാനത്തിൽ നിന്ന് 0.00 ശതമാനമാകും.
ഈ ഇടപാടിൽ നിന്നുള്ള വരുമാനം തങ്ങളുടെ ബിസിനസ്സിലും ഗ്രൂപ്പ് കമ്പനികളിലും/സബ്‌സിഡിയറികളിലും യഥാസമയം നിക്ഷേപിക്കാൻ തങ്ങൾ പദ്ധതിയിടുന്നതായി കെഐഎൽ മാനേജിംഗ് ഡയറക്ടർ മഹേഷ് ഛാബ്രിയ പറഞ്ഞു. സ്വരാജ് എഞ്ചിൻസ് ലിമിറ്റഡിന്റെ ഓഹരികൾ 2.20 ശതമാനം ഇടിഞ്ഞ് 1,746.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്.