കൊച്ചി: തെലങ്കാനയിലെ കിറ്റെക്സിന്റെ റെഡിമെയ്ഡ് വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. ഇക്കാര്യം ലോകം അറിഞ്ഞത് തെലങ്കാന വ്യവസായ–ഐടി മന്ത്രി കെ.ടി.രാമറാവുവിന്റെ ട്വീറ്റിലൂടെ.
22,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്യുമെന്നും അഭിമാനപൂർവം ട്വീറ്റിലുണ്ട്.
കേരളവും തെലങ്കാനയും തമ്മിലുള്ള വ്യത്യാസം അവിടെ മുതലാണ്. ഐടിയും ഫാർമയും പോലുള്ള ഹൈടെക് വ്യവസായങ്ങൾ തഴയ്ക്കുന്ന ഹൈദരാബാദിലും പരിസരത്തും ഗ്രാമീണർക്ക് തൊഴിൽ ലഭിക്കുന്ന വ്യവസായം വരുന്നു എന്നതാണ് അവർ കാണുന്ന നേട്ടം.
അതിൽ തന്നെ 80% സ്ത്രീകൾക്കാണ്. കിറ്റെക്സ് വന്നതിനു ശേഷം തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും മറ്റും ഒട്ടേറെ വസ്ത്ര നിർമാണ കമ്പനികൾ തെലങ്കാനയിലേക്ക് വന്നതും ടെക്സ്റ്റൈൽ പാർക്ക് നിറയുന്നതും അവർ നേട്ടങ്ങളുടെ കണക്കിലെഴുതുന്നു.
വാറങ്കലിലും ഹൈദരാബാദിലുമായി 2 ഘട്ടങ്ങളിലായിട്ടാണ് പുതിയ 2 പ്ലാന്റുകൾ. വാറങ്കലിൽ ടെക്സ്റ്റൈൽ പാർക്കിലെ 250 ഏക്കറിലേതാണ് സെപ്റ്റംബറിൽ ഉദ്ഘാടനത്തിനു തയാറാകുന്നത്.
ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു, ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ സ്ഥാപിക്കുന്നു. ആദ്യഘട്ടം 25 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം.
തെലങ്കാന സർക്കാരുമായി ചർച്ച തുടങ്ങിയത് 2021 ഓഗസ്റ്റിൽ. സ്ഥലവും അനുമതികളുമായി കരാർ ഒപ്പിട്ടത് 2022 മാർച്ചിൽ. ആദ്യഘട്ടം തീരുന്നത് ഇക്കൊല്ലം സെപ്റ്റംബറിൽ. കരാർ ഒപ്പിട്ടതും ഇത്ര വലിയ ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതും തമ്മിൽ ഒന്നര വർഷത്തെ വ്യത്യാസം മാത്രം.
ഹൈദരാബാദിലെ വ്യവസായ പാർക്കിൽ മറ്റൊരു 250 ഏക്കറിലും കെട്ടിട നിർമാണം നടക്കുന്നുണ്ട്. അടുത്ത വർഷം ഡിസംബറിൽ അതും പ്രവർത്തനം തുടങ്ങും. 2 പ്ലാന്റിലുമായി 3000 കോടി നിക്ഷേപം. അരലക്ഷം പേർക്ക് തൊഴിൽ. കരാർ ഒപ്പിട്ട് 2 വർഷവും 9 മാസവും കൊണ്ട് പദ്ധതി പൂർത്തിയാവുന്നു.
കിഴക്കമ്പലത്തുള്ള ഫാക്ടറി പ്രവർത്തനം തുടങ്ങിയത് 1993ൽ 300 പേരുമായി. 2014ൽ 8 ലക്ഷം ചതുരശ്രയടി വിസ്തീർണവും 11,000 പേർക്കു തൊഴിലും. എത്ര കാലമെടുത്തു? 21 വർഷം.!! 2014നു ശേഷം ഇവിടെ മുതൽ മുടക്കിയിട്ടില്ല. വലുപ്പവും വേഗവും– അവിടെയാണ് കേരളം പിന്തള്ളപ്പെടുന്നത്.
കേരളത്തിൽ വെള്ളവും വൈദ്യുതിയും അനുമതികളും കിട്ടി വരുമ്പോഴേക്കു വർഷങ്ങൾ കൊഴിയുമെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ് പറഞ്ഞു.
2 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ട വസ്ത്രങ്ങളാണ് കിറ്റെക്സ് നിർമിച്ചു കയറ്റുമതി ചെയ്യുന്നത്. ആമസോണും വോൾമാർട്ടും ഉൾപ്പെടെ 10 ലോക ബ്രാൻഡുകൾ ഈ വസ്ത്രങ്ങൾ വിൽക്കുന്നുണ്ട്.
കേരളത്തിൽ ദിവസം 7 ലക്ഷം കുട്ടിയുടുപ്പുകൾ നിർമിക്കുന്നു. തെലങ്കാനയിൽ 2 ഘട്ടങ്ങളും പൂർത്തിയാവുമ്പോൾ ദിവസം 24 ലക്ഷം.