കൊച്ചി: കൊച്ചി ആസ്ഥാനമായ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ സഹോദര സ്ഥാപനമായി തെലുങ്കാനയില്‍ തുടങ്ങുന്ന കിറ്റെക്സ് അപ്പാരല്‍ പാര്‍ക്കിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നേതൃത്വത്തിലുള്ള ഒരു സംഘം ബാങ്കുകള്‍ 2023 കോടി രൂപയുടെ വായ്പ നല്‍കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചു. കുറച്ചു കാലമായി കിറ്റക്സും ബാങ്കുകളും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുകയായിരുന്നു.
ഇതുകൂടാതെ യന്ത്രസാമഗ്രികളും മറ്റും വാങ്ങുന്നതിനായി ഈ ബാങ്കുകള്‍ 10.94 കോടിയുടെ മറ്റൊരു വായ്പയും കൂടി കമ്പനിക്ക് അനുവദിച്ചിട്ടുണ്ട്. എസ്ബിഐയെ കൂടാതെ ഈ സംഘത്തിലുള്ളതു ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, എക്സിം ബാങ്ക് തുടങ്ങിയവയാണ്.
അടുത്തിടെ എല്‍ഡിഎഫ് സര്‍ക്കാരുമായുള്ള ഉരസലിനെ തുടര്‍ന്ന് സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിന് പുറത്തേക്കു അവരുടെ പുതിയതായി തുടങ്ങുന്ന നിര്‍മാണ യൂണിറ്റുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. അതിനു ശേഷമുള്ള ഗ്രുപ്പിന്റെ ആദ്യത്തെ സംരംഭമാണ് കിറ്റെക്സ് അപ്പാരല്‍ പാര്‍ക്ക്.
തെലുങ്കാനയിലാണ് ഇത് സ്ഥാപിക്കുന്നത്. ഈ പുതിയ കമ്പനിയില്‍ മാതൃ സ്ഥാപനമായ കിറ്റെക്സ് ഗാര്‍മെന്റ്സിനു 70 ശതമാനം ഓഹരികളും കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ പ്രമോട്ടറുമാരുടെ മാത്രം സംരംഭമായ കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയറിനു 30 ശതമാനം ഓഹരികളുമാണുള്ളത്. ഈ രണ്ടു കമ്പനികളും കൂടി പുതിയതായി 100 കോടി കൂടി സംരംഭത്തില്‍ ഓഹരിയായി നിക്ഷേപിച്ചിട്ടുണ്ട്.
ഇതില്‍ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ നിക്ഷേപം 70 കോടി ആയിരിക്കും. ഇതോടെ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ കിറ്റെക്സ് അപ്പാരല്‍ പാര്‍ക്കിലെ നിക്ഷേപം 210 കോടി ആയി ഉയരും. ഇത് കൂടാതെ, കിറ്റെക്സ് ഗാര്‍മെന്റ്സും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയറും നിക്ഷേപങ്ങള്‍ സംബന്ധിച്ചും വായ്പകള്‍ സംബന്ധിച്ചും കിറ്റെക്സ് അപ്പാരല്‍ പാര്‍ക്കുമായി ചില കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.
കിറ്റ്‌ക്സ് അപ്പാരല്‍ പാര്‍ക്കിന്റെ അനുവദിച്ചിട്ടുള്ളു മൂലധനം 750 കോടിയാണ്. അടച്ചുതീര്‍ത്ത മൂലധനം 350 കോടിയും. കിറ്റെക്സ് ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ കിറ്റെക്സ് അപ്പാരല്‍ പാര്‍ക്കിനു സുഗമമായ ഫണ്ട് ലഭ്യത ഉറപ്പാക്കാന്‍ മാതൃ കമ്പനിയായ കിറ്റെക്സ് ഗാര്‍മെന്റ്്സിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ ജനുവരി 13 നു ചേര്‍ന്ന യോഗം ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
അതനുസരിച്ചു കിറ്റെക്സ് ഗാര്‍മെന്റ്സിന് ഏതു വ്യക്തിക്കും കമ്പനിക്കും വായ്പ്പാ നല്‍കാം. മറ്റു കമ്പനികളുടെയോ വ്യക്തികളുടെയോ വായ്പ്പകള്‍ക്കു ഉറപ്പു നല്‍കുകയോ ജാമ്യം നില്‍ക്കുകയോ ചെയ്യാം. ഭാവിയില്‍ കാലാകാലങ്ങളില്‍ മറ്റു കമ്പനികളുടെ ഓഹരികള്‍ വാങ്ങാം. ഈ ഇടപാടുകള്‍ 2220 കോടി കവിയാന്‍ പാടില്ല.
കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരി ഉടമകളുടെ പൊതുയോഗം ഡയറക്ടര്‍ ബോര്‍ഡിന്റെ ഈ തീരുമാനങ്ങള്‍ അംഗീകരിച്ചാലെ കമ്പനിക്കു ഇത് നടപ്പാക്കാന്‍ കഴിയു.
മറ്റു കമ്പനികള്‍ക്ക് വായ്പ്പ നല്‍കുന്നവര്‍ക്ക് കിറ്റെക്സ് ഗാര്‍മെന്റ്സ് നല്‍കുന്ന ഉറപ്പും, ജാമ്യവും കിറ്റെക്സ് ഗാര്മെന്റ്സിന്റെ ഉത്തരവാദിത്വത്തിലായിരിക്കും. വായ്പ്പ എടുത്ത കമ്പനികള്‍ തിരിച്ചടവ് മുടക്കിയാല്‍, അത് അടക്കുന്നതിനായി കിറ്റെക്സ് ഗാര്‍മെന്റ്സ് ആ തുക നേരത്തെ നീക്കിവെക്കണം. ഇങ്ങനെ വരുന്ന ബാധ്യതയെ കണ്ടിജന്റ് ലയബിലിറ്റി എന്നാണ് പറയുന്നത്.
എന്നാല്‍, വായ്പ്പ എടുത്ത കമ്പനികള്‍ തിരിച്ചടവ് മുടക്കിയാല്‍, കിറ്റെക്സ് ഗാര്‍മെന്റ്സ് പ്രൊമോട്ടര്‍മാരുടെ സ്വന്തം കമ്പിനിയായ കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ആ ബാധ്യതയില്‍ പങ്കുചേരുമോയെന്നു ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ചു വ്യക്തമല്ല.