
ഡൽഹി: ഡിജിറ്റൽ സേവന പരിവർത്തന കമ്പനിയായ നെസ് ഡിജിറ്റൽ എഞ്ചിനീയറിംഗിന്റെ 100 ശതമാനം ഓഹരികൾ ദി റോഹറ്റിൻ ഗ്രൂപ്പിൽ നിന്ന് വാങ്ങുന്നതിനുള്ള കൃത്യമായ കരാറിൽ ഒപ്പുവച്ചതായി യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആർ ആൻഡ് കമ്പനി അറിയിച്ചു.
ഇടപാടിന്റെ മൂല്യം സംബന്ധിച്ച വിശദാംശങ്ങൾ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കെകെആർ നെസ് ഡിജിറ്റലിനെ സ്വന്തമാക്കാൻ 500 മില്യൺ ഡോളർ ചിലവഴിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
1998-ൽ സ്ഥാപിതമായതും ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ നെസ്, ഡിജിറ്റൽ സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള എൻഡ്-ടു-എൻഡ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സേവനങ്ങളുടെ മുൻനിര ദാതാവാണ്. ക്ലൗഡ് എഞ്ചിനീയറിംഗ്, ഡാറ്റ അനലിറ്റിക്‌സ്, എക്‌സ്പീരിയൻസ് ഡിസൈൻ, ഇന്റലിജൻസ് എഞ്ചിനീയറിംഗ് എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഡിജിറ്റൽ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
എസ് ആന്റ് പി ഗ്ലോബൽ, ജെ പി മോർഗൻ, മിഷെലിൻ, വെരിറ്റാസ് ഗ്രൂപ്പ് എന്നിവ കമ്പനിയുടെ പ്രമുഖ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. അതേസമയം കെകെആർ അതിന്റെ ഏഷ്യാ ഫണ്ട് IV-ൽ നിന്നാണ് ഈ നിക്ഷേപം നടത്തുന്നത്.