
മുംബൈ: ഹീറോ ഗ്രൂപ്പിന്റെ റിന്യൂവബിൾസ് എനർജി കമ്പനിയായ ഹീറോ ഫ്യൂച്ചർ എനർജീസിൽ (എച്ച്എഫ്ഇ) ഏകദേശം 400 മില്യൺ ഡോളർ നിക്ഷേപിക്കുന്നതിനുള്ള വിപുലമായ ചർച്ചകളിലാണ് കെകെആർ. ഇന്ത്യൻ ക്ലീൻ എനർജി സ്‌പെയ്‌സിലെ അതിന്റെ ഏറ്റവും വലിയ നിക്ഷേപത്തിനാണ് യുഎസ് പ്രൈവറ്റ് ഇക്വിറ്റി മാനേജർ തയ്യാറെടുക്കുന്നത്.
നിക്ഷേപവുമായി ബന്ധപ്പെട്ട ഔപചാരിക പ്രഖ്യാപനത്തിന് മുന്നോടിയായി അവസാന ഘട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം നിക്ഷേപം ഗണ്യമായ ഒരു ന്യൂനപക്ഷ ഓഹരിക്ക് വേണ്ടിയായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കടം കുറയ്ക്കുന്നതിനും ബിസിനസ്സ് വളർത്തുന്നതിനുമുള്ള ഒരു പ്രാഥമിക ഇൻഫ്യൂഷൻ ആയിരിക്കും ഈ നിക്ഷേപമെന്നും. നിർദിഷ്ട ഇടപാടിന്റെ ഉപദേശകൻ ജെപി മോർഗനായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കെകെആർ വിസമ്മതിച്ചു. ഹീറോ ഗ്രൂപ്പിന് പുറമെ, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC) ഹീറോ ഫ്യൂച്ചർ എനർജീസിലെ ഒരു നിക്ഷേപകനാണ്. ഡൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ നിലവിലെ മൂല്യം 750 മില്യൺ ഡോളറാണ്. കെകെആർ നിക്ഷേപത്തോടെ ഇത് 1 ബില്യൺ ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ നിക്ഷേപത്തിനുള്ള വാഹനമായി കെകെആർ അതിന്റെ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഹീറോ ഫ്യൂച്ചർ എനർജീ കാറ്റ്, ഗ്രിഡ് കണക്റ്റഡ് സോളാർ, റൂഫ്‌ടോപ്പ്, ഊർജ സംഭരണം എന്നിവയിൽ പ്രവർത്തിക്കുന്നു, കൂടാതെ ഇതിന് 1.5 GW പ്രവർത്തന ആസ്തിയുണ്ട്. കൂടാതെ ഹീറോ വിൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച്‌ഡബ്ല്യുഇപിഎൽ), ഹീറോ സോളാർ എനർജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച്‌എസ്‌ഇപിഎൽ), ഹീറോ റൂഫ്‌ടോപ്പ് എനർജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച്‌ആർഇപിഎൽ) എന്നി 3 പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങൾ കമ്പനിക്കുണ്ട്.