2023 – 24 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണ വേളയിൽ നിലവിലെ സേവിംഗ്സ് സ്കീമുകളിൽ പ്രഖ്യാപിച്ച ഭേദഗതികൾക്കൊപ്പം ധനമന്ത്രി നിർമ്മല സീതാരാമനാണ് സ്ത്രീകൾക്കുള്ള സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം അവതരിപ്പിച്ചത്.
ഒറ്റത്തവണ നിക്ഷേപിക്കാൻ കഴിയുന്ന ചെറുകിട സമ്പാദ്യ പദ്ധതിയായ ഇതിലൂടെ സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ അവസരമൊരുക്കുന്നു.
2025 മാർച്ച് വരെയുള്ള രണ്ട് വർഷ കാലത്തേക്കാണ് പദ്ധതി ലഭ്യമാവുക. 7.5 ശതമാനാണ് വാർഷിക പലിശ നിരക്ക്. മൂന്ന് മാസത്തെ ഇടവേളയിൽ പലിശ കൂട്ടുകയും അത് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.
അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴോ, മുൻകൂട്ടി ക്ലോസ് ചെയ്യുമ്പോഴോ, ഭാഗികമായി പിൻ വലിക്കുമ്പോഴോ അർഹമായ പലിശ ഉപഭോക്താവിന് ലഭിക്കും.
മഹിളാ സമ്മാൻ സേവിംഗ് സ്കീമിൽ അംഗമാകാനുള്ള യോഗ്യതകൾ അറിയാം
1) ഇന്ത്യൻ പൗരനായ ഏതൊരു സ്ത്രീയും സ്കീമിൽ അംഗമാകാൻ യോഗ്യയാണ്, പ്രായ പരിധിയില്ല.
2) പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി അവരുടെ രക്ഷിതാവിന് അക്കൗണ്ട് തുറക്കാൻ സാധിക്കും.
3) വ്യക്തിഗത അക്കൗണ്ടുകൾ മാത്രമേ അനുവദിക്കൂ.
4) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അക്കൗണ്ട് അവൾ പ്രായപൂർത്തിയാകുന്നതുവരെ രക്ഷിതാവ് കൈകാര്യം ചെയ്യണം.
നിക്ഷേപ പരിധി
1) ഏറ്റവും കുറഞ്ഞ നിക്ഷേപം 1000/- രൂപയും പരമാവധി നിക്ഷേപം 2,00,000/- രൂപയുമാണ്.
2) നിക്ഷേപങ്ങൾ എപ്പോഴും 100 രൂപയുടെ ഗുണിതങ്ങളായിരിക്കണം
3) ഒരു അക്കൗണ്ടിൽ ഒരു നിക്ഷേപം മാത്രമേ അനുവദിക്കൂ.
4) ഒരു നിക്ഷേപകന് തുറക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിന് പരിധിയില്ല. എന്നാൽ ഈ സ്കീമിന് കീഴിലുള്ള ഒരാളുടെ എല്ലാ അക്കൗണ്ടുകളിലുമുള്ള മൊത്തം നിക്ഷേപം 2,00,000/- രൂപയിൽ കവിയാൻ പാടില്ല.
5) ഈ സ്കീമിന് കീഴിൽ ഒരാൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുന്നതിന് ഇടയിൽ 3 മാസത്തെ ഇടവേള ഉണ്ടായിരിക്കണം.
നിക്ഷേപ തീയതി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ലഭ്യമായ തുകയുടെ 40 ശതമാനം വരെ പിൻവലിക്കാൻ സാധിക്കും. കാലപരിധി തീരുന്നതിന് മുൻപ് ഒരുതവണ മാത്രമേ ഈ ഭാഗിക പിൻവലിക്കൽ അനുവദിക്കുള്ളൂ.
അക്കൗണ്ട് ഉടമയുടെ മരണ ശേഷമോ, അക്കൗണ്ട് ഉടമയെ ബാധിച്ച രോഗത്തിനുള്ള ചികിത്സാ സഹായത്തിനായോ അല്ലെങ്കിൽ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന രക്ഷിതാവ് മരണപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ സമയ പരിധി അവസാനിക്കും മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.
ഇത്തരം സാഹചര്യങ്ങളിൽ സ്കീമിന്റെ നിയുക്ത നിക്ഷേപ തുകയുടെ പലിശ ലഭിക്കും. അതേസമയം, ഈ സാഹചര്യങ്ങളിൽ അല്ലാതെയും ചിലപ്പോൾ അക്കൗണ്ട് തുറന്ന് ആറ് മാസത്തിന് ശേഷം എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുവദിക്കും.
എന്നാൽ നിയുക്ത തുകയുടെ രണ്ട് ശതമാനത്തിൽ താഴെയുള്ള നിരക്കിൽ മാത്രമായിരിക്കും പലിശ ലഭിക്കുക.
ബാങ്കുകൾ വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.