ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

20 സെക്കന്റിൽ സ്വയം ഇമിഗ്രേഷൻ പൂർത്തിയാക്കാൻ പുത്തൻ സംവിധാനവുമായി കൊച്ചി വിമാനത്താവളം

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി സിയാൽ മാറും. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. ജൂലൈ 29-ന് സിയാലിൽ പുതിയ സംവിധാനത്തിന്റെ പരീക്ഷണം തുടങ്ങും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യും.

ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ സജ്ജമായിക്കഴിഞ്ഞു.

നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയാലാണ് ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേയ്ക്ക് കടക്കാം.

മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.

രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും അഗമന-പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നീണ്ട വരികളിൽ കാത്തുനിൽപ്പ് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്പോർട്ട് സ്കാൻ ചെയ്യണം. രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം.

യന്ത്രം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കന്റാണ്.

അതായത്, ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കന്റിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്നവിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രസ്റ്റഡ് ട്രാവലർ പദ്ധതിയ്ക്ക് രാജ്യത്തുതന്നെ രണ്ടാമതായി സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.

പരമാവധി ഇടങ്ങളിൽ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സിയാൽ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് സമ്മർദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയണം.

ഒപ്പം സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ആഭ്യന്തര യാത്രക്കാർക്കായി ഈയിടെ ഏർപ്പെടുത്തിയ ഡിജിയാത്ര ഏറെ വിജയകരമാണ്’, സുഹാസ് പറഞ്ഞു.

പ്രതിവർഷം ഒരു കോടിയാത്രക്കാരും 70,000-ൽപരം സർവീസുകളുമുള്ള സിയാൽ നിലവിൽ രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്ത് നാലാംസ്ഥാനത്താണ്.

X
Top