കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ പറന്നിറങ്ങിയത് 562 വിമാനങ്ങളെന്ന് കണക്കുകള്‍.
ഐപിഎൽ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങൾ പറന്നിറങ്ങിയ ഈ ബിസിനസ് ടെർമിനലിലേക്ക് ഈ വർഷം തന്നെ 1000 വിമാനങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലേക്ക് വരുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുവെന്നും കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നുവെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യ വിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചാർട്ടർ ഗേറ്റ് വേയും ആരംഭിച്ചതോടെ പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസുകൾക്കും വിനോദ സഞ്ചാരത്തിനുമായി കുറഞ്ഞ ചിലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സാധിക്കുന്നുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേത് എന്നത് വലിയ മുൻതൂക്കമാണ് നൽകുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
40,000 ചതുരശ്രയടി വിസ്‌തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്.
സ്വകാര്യ കാർ പാർക്കിങ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലൗഞ്ചുകൾ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ, അതീവ സുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. വെറും രണ്ട് മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.
കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ കൂടുതൽ ചലനാത്മകമാക്കുന്നതിൽ കൊച്ചി വിമാനത്താവളം വലിയ പങ്കുവഹിക്കുന്നുണ്ട്.
ഗിഫ്റ്റ് സിറ്റി, വ്യാവസായിക ഇടനാഴി, അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ എന്നിവ യാഥാർത്ഥ്യമാകാനിരിക്കേ ഈ ചാർട്ടർ ഗേറ്റ് വേ ഏറ്റവും മികച്ച കണക്ടിവിറ്റി മാർഗമായി ആയി മാറുമെന്നും പി രാജീവ് പറഞ്ഞു.