രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കൊച്ചി മെട്രോ രണ്ടാംഘട്ടം: വിദേശ വായ്പ വൈകുന്നുവെന്ന് റിപ്പോർട്ട്

കൊച്ചി: മെട്രോ രണ്ടാംഘട്ടത്തിനുള്ള വിദേശ വായ്പ വൈകുന്നു. കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണത്തിന് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കില്‍ (എ.ഐ.ഐ.ബി.) നിന്ന് വായ്പയെടുക്കാനാണ് ധാരണയായിരിക്കുന്നത്.

നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതിനാല്‍ ഇതുവരെ ഫണ്ട് ലഭ്യമായിട്ടില്ല. ഈ വർഷം മാർച്ചിനകം ഫണ്ട് ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ ലഭ്യമായ വിവരമനുസരിച്ച്‌ വായ്പയ്ക്കായി മേയ് വരെ കാത്തിരിക്കേണ്ടി വരും.

ഇതിനകം നടപടിക്രമങ്ങള്‍ പൂർത്തിയായില്ലെങ്കില്‍ വായ്പ ലഭിക്കുന്നത് പിന്നെയും നീളും. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് എ.ഐ.ഐ.ബി. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

ഇതില്‍ 1056 കോടി രൂപയാണ് വായ്പയെടുക്കാൻ ധാരണയായിരിക്കുന്നത്. നിർമാണത്തിന് കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതവുമുണ്ട്. ഈ തുക സമയത്ത് ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

രണ്ടാംഘട്ട നിർമാണത്തിനായി കഴിഞ്ഞവർഷം കേന്ദ്രം അനുവദിച്ച 100 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന ബജറ്റില്‍ ഇത്തവണ 289 കോടി രൂപയാണ് മെട്രോയ്ക്ക് അനുവദിച്ചിരിക്കുന്നത്.

രണ്ടാംഘട്ടത്തിന്റെ നിർമാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയില്‍ (എ.എഫ്.ഡി.) നിന്ന് വായ്പയെടുക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഇവർ വായ്പ നല്‍കാമെന്ന് അറിയിച്ചിരുന്നു.

പദ്ധതി നീണ്ടുപോയതോടെ എ.എഫ്.ഡി. പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യിലേക്ക് എത്തുന്നത്. 2022 സെപ്റ്റംബറിലാണ് നിർമാണത്തിന് തറക്കല്ലിട്ടത്.

റോഡ് വീതികൂട്ടുന്നത് ഉള്‍പ്പെടെയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങള്‍ക്ക് നേരത്തേതന്നെ തുടക്കമായിരുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടത്തില്‍ നടന്ന നിർമാണവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പ്രവർത്തനങ്ങള്‍ മെല്ലെപ്പോക്കിലാണ്.

അടുത്തവർഷം ജൂണിനകം രണ്ടാംഘട്ടത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. ഫണ്ട് ലഭിക്കുന്നത് വൈകിയാല്‍ ഈ സമയക്രമം പാലിക്കാൻ കഴിയില്ല. കലൂർ സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് വരെ 11.2 കിലോമീറ്ററിലാണ് നിർമാണം. ഇവിടെ നാലു സ്റ്റേഷനുകളുടെ പൈലിങ്ങാണ് ഇപ്പോള്‍ പൂർത്തിയായിട്ടുള്ളത്.

നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്കായി കളമശ്ശേരി എച്ച്‌.എം.ടി.യിലെടുത്ത കാസ്റ്റിങ് യാർഡില്‍ നിർമാണ ജോലികള്‍ നടക്കുന്നുണ്ട്. നിർദിഷ്ട റൂട്ടിലെ യൂട്ടിലിറ്റി ഷിഫ്റ്റിങ് 95 ശതമാനം പൂർത്തിയായെന്നാണ് കണക്ക്.

റോഡിന് മധ്യത്തില്‍ ഉള്‍പ്പെടെ ബാരിക്കേഡ് ചെയ്താണ് നിർമാണം നടക്കുന്നത്. ഇതുമൂലം ഈ റൂട്ടില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

നിർമാണമേഖലയില്‍ പലയിടത്തും റോഡിന് വീതിയില്ലാത്തതും ഇതിലൂടെയുള്ള യാത്ര പ്രയാസത്തിലാക്കുന്നു.

X
Top