കൊച്ചി: മെട്രോ സര്‍വീസ് ഉപയോഗിക്കുന്നവര്‍ വര്‍ദ്ധിക്കുന്നതോടെ കൊച്ചി മെട്രോയ്ക്ക് പുതിയ അഞ്ച് ഫീഡര്‍ ബസുകളെത്തി.
ആദ്യം എയര്‍പോര്‍ട്ട് ഫീഡര്‍ ബസുകളായി ഉപയോഗിക്കാനാണ് തീരുമാനം. ഐഷര്‍ കമ്പനിയുടെ 33 സീറ്റ് വൈദ്യുതി ഇന്ധന ബസുകളാണിവ. ഒരെണ്ണത്തിന് ഒരുകോടി രൂപയാണ് വില. രണ്ടാഴ്ച മുമ്ബാണ് കൊച്ചിയിലെത്തിച്ചത്.
രണ്ട് ബസുകള്‍ മുട്ടം ഡിപ്പോയിലാണുള്ളത്. മൂന്നെണ്ണം ചേരാനെല്ലൂരില്‍ ടെസ്റ്റിംഗ് നടത്തുകയാണ്. അഞ്ചു ബസുകളുടെയും ടെസ്റ്റിംഗ് പുരോഗമിക്കുന്നു. എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിച്ച ശേഷം ആവശ്യമെങ്കില്‍ റൂട്ടുകള്‍ സംബന്ധിച്ച് വീണ്ടും പരിശോധന നടത്തുമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി.
ഫീഡര്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിനുള്ള സ്ഥലം സജ്ജീകരിക്കുന്നുണ്ട്. 10 പുതിയ ബസുകള്‍ കൂടിയെത്തിക്കും. എ.എഫ്.ഡി ഫണ്ടും വായ്പയും ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങുക. വാടക അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് ഫീഡറുകളായി സര്‍വീസ് നടത്തുന്ന മൂന്ന് സി.എന്‍.ജി ബസുകള്‍ പിന്‍വലിക്കും.
പുതിയ ബസുകളിലേക്ക് ജീവനക്കാരുടെ നിയമന നടപടി പുരോഗമിക്കുകയാണ്. ഒരു ബസില്‍ രണ്ടുപേര്‍ എന്ന നിലയില്‍ 10 പേരെ നിയമിക്കും. ഇതിനായി പരസ്യം ചെയ്യും.
നിലവില്‍ പരിമിതമായ മെട്രോ കണക്ടിവിറ്റിയുള്ള റൂട്ടുകളിലാണ് 33 സീറ്റുകളുള്ള എ.സി ഇലക്‌ട്രിക് ബസ് വിന്യസിക്കുക. ആലുവ മെട്രോ-നെടുമ്പാശേരി, കാക്കനാട് വാട്ടര്‍ മെട്രോ-ഇന്‍ഫോപാര്‍ക്ക് എന്നീ റൂട്ടുകള്‍ക്കാണ് പ്രഥമ പരിഗണന.
കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
ഫീഡര്‍ സര്‍വീസുകള്‍ക്കായി മെട്രോയുടെ മുട്ടം യാര്‍ഡില്‍ ഡിപ്പോയും ഇലക്‌ട്രിക് ചാര്‍ജിംഗ് സംവിധാനവും സ്ഥാപിച്ചു. വൈറ്റില, ആലുവ, ഇടപ്പള്ളി മെട്രോകളിലും ചാര്‍ജിംഗ് സംവിധാനം സ്ഥാപിക്കും. കലൂരിലെ ചാര്‍ജിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍
പുതിയ ബസുകള്‍ ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ ഓടും. ബസിന് രണ്ടു വര്‍ഷം വാറണ്ടിയും ബാറ്ററിക്ക് അഞ്ചുവര്‍ഷം വാറണ്ടിയും ഐഷര്‍ കമ്ബനി ഉറപ്പ് നല്‍കുന്നുണ്ട്.
ഒന്‍പത് മീറ്ററാണ് ബസുകളുടെ നീളം. നീളക്കുറവ് ട്രാഫിക് കൂടുതലുള്ള സമയങ്ങളിലും സുഗമമായി സര്‍വീസ് നടത്താന്‍ സഹായകമാകും.
- അഞ്ച് ബസുകള്‍
- ഒരെണ്ണത്തിന് ഒരു കോടി രൂപ
- 10 പുതിയ ബസുകളെത്തും
- 33 സീറ്റുകളുള്ള എ.സി ഇലക്‌ട്രിക് ബസ്