
കൊച്ചി: മെട്രോ ലാഭകരമാക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുകയാണ് കെഎംആർഎൽ. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള 27 കിലോമീറ്റർ പൂർത്തിയായതോടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി.
365 ദിവസം കൊണ്ട് 365 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ എന്ന നാഴികക്കല്ല് മെട്രോ പിന്നിട്ടിരിക്കുന്നു.
യാത്രക്കാരുടെ സൗകര്യത്തിനായി വാട്സാപ്പ് ടിക്കറ്റിംഗ് അവതരിപ്പിച്ചു. ഗൂഗിളുമായും കെഎംആർഎൽ കൈകോർക്കുകയാണ്. ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റും യാത്രാ പാസും ഇനി സൂക്ഷിക്കാൻ ആകും.
ഡിജിറ്റൽ ടിക്കറ്റിങ് രംഗത്തെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ഗൂഗിളുമായുള്ള പുതിയ സഹകരണം. ഐടി കൺസൾട്ടിംഗ് കമ്പനിയായ പ്രുഡൻറ് ടെക്നോളജീസ് ആണ് ഇതിനുള്ള സാങ്കതിക സഹകരണം നൽകുന്നത്.
15 ഇലക്ട്രിക് ബസുകൾ എത്തുന്നു
365 ദിവസങ്ങളിൽ 365 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതികൾ ആവിഷ്കരിക്കും. മെട്രോ സ്റ്റേഷനുകളോട് അനുബന്ധിച്ച് ഇലക്ട്രിക് ഓട്ടോകൾ സേവനങ്ങൾ നൽകുന്നുണ്ട്.
100 ഓട്ടോകൾ പല സ്റ്റേഷനുകളിൽ ആയി സേവനം നൽകുന്നു. ഇത് കൂടാതെ മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ബസുകൾ എത്തിക്കുകയാണ്.
15 ഇലക്ട്രിക് ബസുകളാണ് അടുത്ത മാസത്തോടെ എത്തുന്നത്. കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തിയാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകും.
ഇത് മെട്രോയുടെ വരുമാനം ഉയരാനും സഹായകരമാകും. കൂടുതൽ പേരെ ആകർഷിക്കാനായി വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.
പൊതുഗതാഗത രംഗത്ത് വിദ്യാർത്ഥികളുടെ സുസ്ഥിരമായ യാത്രാ സംവിധാനം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും. മുൻ സാമ്പത്തിക വർഷം ആറു കോടി രൂപയുടെ പ്രവർത്തന ലാഭം നേടാൻ ആയി.
2023-24 സാമ്പത്തിക വർഷം ഇത് 20-25 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.