
കൊച്ചി: കൊച്ചി മെട്രോ ആരംഭിക്കുന്ന ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവീസിന് ഇന്ന് (ജനുവരി 15) തുടക്കമാകും. മന്ത്രി പി. രാജീവ് വൈകിട്ട് 4ന് മെഡിക്കൽ കോളെജിന് സമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യും. 33 സീറ്റുകളും മൊബൈൽചാർജിങ്ങിന് യുഎസ്ബി പോർട്ടുകളുമുള്ള എ.സി ബസുകളാണിവ. മിനിമം നിരക്ക് 20 രൂപ. മിനിമം നിരക്കിൽ 5 കിലോമീറ്റർ യാത്ര ചെയ്യാം. ആലുവ-എയർപോർട്ട് ടിക്കറ്റ് നിരക്ക് 80 രൂപ.
അലുവ-കൊച്ചി വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളെജ്, ഹൈക്കോർട്ട്-എം.ജി റോഡ് സർക്കുലർ, കടവന്ത്ര-കെ.പി. വള്ളോൻറോഡ് സർക്കുലർ, കാക്കനാട് വാട്ടർ മെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കളക്ടറേറ്റ് റൂട്ടുകളിലാണ് വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ്. യാത്രക്കാർക്ക് കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്ക് എളുപ്പത്തിൽ എത്താനാകുംവിധമാണ് സർവീസ് ഒരുക്കുന്നത്. 15 ബസുകളാണുള്ളത്. എയര്‍പോര്‍ട്ട് റൂട്ടില്‍ 4, കളമശേരി റൂട്ടില്‍ 2, ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒന്ന്, കളക്ടറേറ്റ് റൂട്ടില്‍ 2, ഹൈക്കോര്‍ട്ട് റൂട്ടില്‍ 3, കടവന്ത്ര റൂട്ടില്‍ ഒന്ന് എന്നിങ്ങനെ വീതം സർവീസുകളുണ്ടാകും.
തിരക്കനുസരിച്ച് 20-30 മിനിട്ട് ഇടവേളകളിലായിരിക്കും സർവീസ്. രാവിലെ 6.45 മുതല്‍ തുടങ്ങും. രാത്രി 11നാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സർവീസ്. മറ്റിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 7.30 വരെ. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ബസിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് പ്രധാനമായും ടിക്കറ്റ് വിതരണം. കാഷ് ട്രാന്‍സാക്‍ഷനും നടത്താം. യുപിഐ വഴിയും റൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും ടിക്കറ്റെടുക്കാം.