
നെടുമ്പാശേരി: കൊച്ചി എയർപോർട്ട് റെയിൽവേ സ്റ്റേഷനായി പരിഗണിക്കുന്നത് നേരത്തേ നിർദേശിക്കപ്പെട്ട സ്ഥലത്തു നിന്ന് 500 മീറ്ററോളം മാറി വിമാനത്താവളത്തിനടുത്ത്. 2010 ൽ കരിയാട്–മറ്റൂർ റോഡിലെ അകപ്പറമ്പ് റെയിൽവേ ഗേറ്റിനോടു ചേർന്നുള്ള സ്ഥലമാണ് ആദ്യം പരിഗണിച്ചത്.
ഇപ്പോൾ പരിഗണിക്കുന്നത്, അതിൽ നിന്നു 500 മീറ്ററോളം ആലുവ ഭാഗത്തേയ്ക്കു മാറിയുള്ള സ്ഥലമാണ്. 2010ൽ ഇതിനുള്ള പദ്ധതി തയാറാക്കി നിർമാണത്തിന് അനുമതി ലഭിച്ചതാണ്. ശിലാസ്ഥാപനവും നടത്തിയെങ്കിലും റെയിൽവേ പദ്ധതി ഉപേക്ഷിച്ചു.
ഇവിടെ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള സ്ഥലം റെയിൽവേയ്ക്ക് ഉണ്ട്. ഭാവി വികസനത്തിന്, ആവശ്യമെങ്കിൽ സിയാൽ ഭൂമി ലഭ്യമാണ്. സ്റ്റേഷനു കിഴക്കും പടിഞ്ഞാറും സിയാലിന്റെ സ്ഥലമാണ്.ട്രെയിനിൽ എത്തുന്നവർക്കു ടാക്സികളെ ആശ്രയിക്കേണ്ടെന്ന പ്രത്യേകതയും ഉണ്ട്.
ആഭ്യന്തര, രാജ്യാന്തര ടൂറിസ്റ്റുകൾക്കു ചെലവു കുറഞ്ഞ യാത്രാ സൗകര്യമായി റെയിൽവേ മാറും. വിമാനത്താവളം കേന്ദ്രീകരിച്ച് കൂടുതൽ തൊഴിൽ, ബിസിനസ് അവസരങ്ങൾക്കും റെയിൽവേ സ്റ്റേഷൻ അവസരമൊരുക്കും.
വിമാനത്താവളത്തിലേക്കുള്ള കൊച്ചി ജലപാത കൂടി പൂർത്തിയാക്കിയാൽ വ്യോമ, റെയിൽ, റോഡ്, ജല ഗതാഗതം സംഗമിക്കുന്ന ലോകത്തെ തന്നെ ചുരുക്കം വിമാനത്താവളങ്ങളിലൊന്നായി കൊച്ചി മാറും. മെട്രോ റെയിലും വൈകാതെ കൊച്ചി വിമാനത്താവളത്തിലേക്കെത്തും.
സിംഗപ്പൂരിലെ ചാങി, ലണ്ടനിലെ ഹീത്രോ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു നേരിട്ടു ട്രെയിനിൽ എത്താം. ഈ നിലവാരത്തിലേക്കു കൊച്ചിയും ഉയരുന്നത് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ കൊച്ചിയിലേക്ക് എത്താനും വഴിയൊരുക്കും.
വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച പുതിയ കാർഗോ വില്ലേജ് നിർദിഷ്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെ മാത്രമാണ്. കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കാർഗോ റെയിൽ മാർഗം കുറഞ്ഞ ചെലവിൽ എത്തിച്ചു വിമാനങ്ങളിൽ കയറ്റി അയയ്ക്കാമെന്നതു കയറ്റിറക്കുമതിക്കാർക്ക് ഏറെ ഗുണം ചെയ്യും.
വിമാനത്താവളത്തിലെ കാർഗോ കയറ്റുമതി വർധിക്കുന്നതോടെ പ്രത്യേക കാർഗോ വിമാനങ്ങൾ വരെ എത്തിച്ചേരാനുള്ള സാധ്യതകളാണൂ തുറക്കുന്നത്.