
കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഞായറാഴ്ച ആരംഭിക്കും. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾവഴി സൗത്ത് ചിറ്റൂർ ടെർമിനൽവരെയാണ് ഒരു റൂട്ട്.
സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽവഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.
മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ ടെർമിനലുകൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഈ ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് ഞായറാഴ്ച ആരംഭിക്കുക.
റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കെ.എം.ആർ.എൽ. പുറത്തുവിട്ടിട്ടുണ്ട്. പരമാവധി 40 രൂപയാണ് നിരക്ക്.
നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. കഴിഞ്ഞ പത്തു മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്രചെയ്തത്.
പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.