
ട്വിറ്ററിന് പകരമെന്നോണം ഇന്ത്യയില് അവതരിപ്പിക്കപ്പെട്ട സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമായ കൂ 200ല് അധികം ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 30 ശതമാനം ആളുകളെ കൂ പിരിച്ചുവിട്ടതായാണ് വിവരം.
ട്വിറ്ററിലും നിരവധിയാളുകളെ പിരിച്ചുവിട്ടിരുന്നു. 7000-ഓളം പേരെ പിരിച്ചുവിട്ട ട്വിറ്ററില് ഇപ്പോള് 1500 പേര് മാത്രമേ ഉള്ളൂ എന്ന് അടുത്തിടെ കമ്പനി മേധാവി ഇലോണ് മസ്ക് വെളിപ്പെടുത്തിയിരുന്നു.
നിക്ഷേപങ്ങള് കുറഞ്ഞ സാഹചര്യത്തിലാണ് കൂ പിരിച്ചുവിടല് നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. പ്രവര്ത്തനം മെച്ചപ്പെടുത്താനും സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് കൂ വിന്റെയും പിരിച്ചുവിടല് നടപടിയെന്നാണ് വിവരം. കഴിഞ്ഞ വര്ഷം 15 ശതമാനം പേരെ കൂ പിരിച്ചുവിട്ടിരുന്നു.
ഉള്ളടക്കത്തിന്റെ പേരില് ട്വിറ്ററും ഇന്ത്യന് ഭരണകൂടവും തമ്മില് തര്ക്കം നിലനിന്ന സാഹചര്യത്തിലാണ് കൂ എന്ന സേവനത്തിന് ജനപ്രീതി ലഭിക്കുന്നത്. ട്വിറ്റര് ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനം അന്ന് ശക്തമായിരുന്നു.
ട്വിറ്ററിന് പകരം ഒരു സേവനം എന്ന നിലയിലാണ് കൂവിന് അക്കാലത്ത് പ്രചാരം ലഭിച്ചത്. ട്വിറ്ററിന്റെ ഘടന അതേപടി പകര്ത്തിയാണ് കൂ ഒരുക്കിയിരിക്കുന്നത്. ഭരണകൂട അനുകൂലികളായവരാണ് കൂവില് അംഗങ്ങളായവരില് കൂടുതലും.