മുംബൈ: നടപ്പ് വര്‍ഷം പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വര്‍ദ്ധിക്കുമെന്ന് കോട്ടക് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്. 30 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 ബില്യണ്‍ ഡോളര്‍ ഐപിഒയ്ക്ക് ഇതിനോടകം അനുമതി ലഭ്യമായിട്ടുണ്ട്.
മറ്റൊരു 6 ബില്യണ്‍ ഡോളര്‍ അപേക്ഷ സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ പരിഗണനയിലുമാണ്, ഇക്വിറ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ് മേധാവി വി ജയശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ പോലുള്ളവരും ചേര്‍ന്ന് ഏകദേശം 1 ട്രില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒ രംഗത്ത്, ഇഎസ്ജിയും (പരിസ്ഥിതി, സാമൂഹികവും ഭരണവും) പ്രതിരോധ മേഖലയിലെ കമ്പനികളുമായിരിക്കും പ്രധാന ആകര്‍ഷകങ്ങള്‍.
ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയും അവരുടെ പങ്ക് നേടും. രാജ്യത്തെ മൊത്തത്തിലുള്ള ഇക്വിറ്റി ഫണ്ട് ശേഖരണം, സ്വകാര്യ ഇക്വിറ്റി നിക്ഷേപമുള്‍പ്പടെ 2023ല്‍ 25 ബില്യണ്‍ യുഎസ് ഡോളറാകും. ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരുടെ ലക്ഷ്യസ്ഥാനമായി മാറിയെന്നും ആഭ്യന്തര വിപണി നീണ്ട ബുള്‍ റണ്ണിന്റെ മധ്യത്തിലാണെന്നും കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടര്‍ എസ് രമേശ് പറയുന്നു.
കമ്പനികളുടെ മൂല്യനിര്‍ണ്ണയം ഉയര്‍ന്നതാണെന്ന് പറഞ്ഞ കോടക് ഇന്‍വെസ്റ്റ്‌മെന്റ് പ്രതിനിധികള്‍ അവസരങ്ങള്‍ മികച്ചതായതിനാല്‍ അതിനിയും അങ്ങിനെതന്നെ തുടരുമെന്ന് വിലയിരുത്തി. 2022 ല്‍ ഐപിഒ ധനസമാഹരണം പകുതിയായി കുറഞ്ഞിരുന്നു. 2021-ല്‍ 63 ഐപിഒകളിലൂടെ 1,18,723 കോടി രൂപ സ്വരൂപിച്ചപ്പോള്‍ (എക്കാലത്തെയും ഉയര്‍ന്നത്) 2022 ല്‍ 59,412 കോടി രൂപയാണ് 40 കമ്പനികള്‍ നേടിയത്.
20,557 കോടി രൂപ അല്ലെങ്കില്‍ 2022-ല്‍ സമാഹരിച്ച തുകയുടെ 35 ശതമാനം എല്‍ഐസിയില്‍ നിന്ന് മാത്രമായിരുന്നു.മൊത്തത്തിലുള്ള പബ്ലിക് ഇക്വിറ്റി ഫണ്ട്റൈസിംഗും 55 ശതമാനം ഇടിഞ്ഞ് 90,995 കോടി രൂപയായി.2021ല്‍ 2,02,048 കോടി രൂപയുടെ ഫണ്ട് കമ്പനികള്‍ നേടിയിരുന്നു.
2022 ലെ ഏറ്റവും വലിയ ഐപിഒ, എക്കാലത്തെയും വലിയ ഇന്ത്യന്‍ ഐപിഒ കൂടിയായിരുന്നു.21,000 കോടി ശേഖരിച്ച ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേതാണ് അത്. പിന്നാലെ ഡല്‍ഹിവെരി (5,235 കോടി), അദാനി വില്‍മര്‍ (3,600 കോടി)എന്നിവയുടേതും നടന്നു. ശരാശരി ഇടപാട് തുക 1,485 കോടി രൂപയാണ്.