മുംബൈ: 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി സ്വകാര്യമേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. പുതിയ നിരക്കുകൾ 2022 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. പരിഷ്‌ക്കരണത്തിന്റെ ഫലമായി 390 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് വർദ്ധിപ്പിച്ചു.
എന്നാൽ 7 മുതൽ 389 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. അതേസമയം 390 ദിവസത്തിൽ കുടുതലും (12 മാസവും 25 ദിവസവും) 23 മാസത്തിൽ താഴെയുമുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ഇപ്പോൾ 6% നിരക്കിൽ പലിശ ലഭിക്കും. ഇത് മുമ്പത്തെ 5.90% ൽ നിന്ന് 10 ബേസിസ് പോയിന്റ് വർധിച്ചു.
23 മാസത്തിനും 2 വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾ ബാങ്ക് ഇപ്പോൾ 6.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യും, ഇതിന് മുമ്പത്തെ 5.90% ൽ നിന്ന് 20 ബേസിസ് പോയിന്റുകളുടെ വർദ്ധനവുണ്ടായി.
കൂടാതെ കൊട്ടക് മഹീന്ദ്ര ബാങ്ക് 2-10 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.90 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തി. പരിഷ്‌ക്കരണത്തെത്തുടർന്ന് സ്ഥിര നിക്ഷേപ ഉപഭോക്താക്കൾക്ക് 23 മാസം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള കാലയളവിലേക്ക് 6.10% പലിശ നിരക്കിൽ ഉയർന്ന സ്ഥിര നിക്ഷേപ നിരക്കുകൾ പ്രയോജനപ്പെടുത്താമെന്ന് ബാങ്ക് അറിയിച്ചു.