ന്യൂഡൽഹി: 2022 സെപ്തംബർ പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 21% വർധിച്ച് 3,608.18 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 2,899.74 കോടി രൂപയായിരുന്നു.
2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ സ്വകാര്യ വായ്പ ദാതാവിന്റെ അറ്റ പലിശ വരുമാനം (NII) 6,620 കോടി രൂപയായിരുന്നു. മുൻവർഷത്തെ 5,353 കോടി രൂപയെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണിത്. അറ്റ പലിശ മാർജിൻ (NIMs) 5.17% ആണ്. അതേസമയം ബാങ്കിന്റെ പ്രവർത്തന ലാഭം 14% വർധിച്ച് 3,120 കോടി രൂപയിൽ നിന്ന് 3,567 കോടി രൂപയായി.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കറായ ഉദയ് കൊട്ടക് നടത്തുന്ന കൊട്ടക് മഹീന്ദ്ര ബാങ്ക്, കഴിഞ്ഞ പാദത്തിൽ 56.2% കാസ അനുപാതം റിപ്പോർട്ട് ചെയ്തു. ഏകീകൃത തലത്തിൽ, ആസ്തികളുടെ വാർഷിക വരുമാനം (ROA) 2.61% ആയിരുന്നു.
2022 ജൂൺ പാദത്തിൽ 2.24 ശതമാനവും 2021 സെപ്തംബർ പാദത്തിൽ 3.19 ശതമാനവും ആയിരുന്ന മൊത്ത എൻപിഎ പ്രസ്തുത പാദത്തിൽ 2.08 ശതമാനമായി കുറഞ്ഞു. കൂടാതെ മൊത്തം പ്രൊവിഷനുകൾ വാർഷികാടിസ്ഥാനത്തിൽ കുത്തനെ ഇടിഞ്ഞ് 136.5 കോടി രൂപയായി.