കൊച്ചി: ജൂൺ പാദത്തിലെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള (PAT) ലാഭം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,642 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വർധിച്ച് 2,071 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) 19 ശതമാനം ഉയർന്ന് 4,697 കോടി രൂപയായി. ഈ പാദത്തിലെ അറ്റ പലിശ മാർജിൻ (എൻഐഎം) 4.92 ശതമാനമാണ്. ആർബിഐ പ്രഖ്യാപിച്ച കോവിഡ് റെസല്യൂഷൻ ഫ്രെയിംവർക്കിന് അനുസൃതമായി, സ്റ്റാൻഡേർഡ് റീസ്ട്രക്ചർഡ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള ബാങ്കിന്റെ കുടിശ്ശിക 379 കോടി രൂപയാണ്. ഇത് അഡ്വാൻസുകളുടെ 0.14 ശതമാനം വരും.
ജൂൺ 30 വരെയുള്ള മൊത്ത നിഷ്‌ക്രിയ ആസ്തി 2.24 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനവുമാണ്. ഒന്നാം പാദത്തിലെ അഡ്വാൻസുകളുടെ ക്രെഡിറ്റ് ചെലവ് 16 ബിപിഎസ് ആയിരുന്നു. പ്രൊവിഷൻ കവറേജ് അനുപാതം 72.6 ശതമാനമാണെന്ന് ബിഎസ്ഇ ഫയലിംഗിൽ ബാങ്ക് അറിയിച്ചു. കൂടാതെ, അഡ്വാൻസുകളും ക്രെഡിറ്റ് സബ്സ്റ്റിറ്റ്യൂട്ടുകളും ഉൾപ്പെടുന്ന ഉപഭോക്തൃ ആസ്തി 29 ശതമാനം വർധിച്ച് 3,03,629 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,17,447 കോടി രൂപയായിരുന്നു. ഈ പാദത്തിലെ ബാങ്കിന്റെ ശരാശരി കറന്റ് ഡെപ്പോസിറ്റ് 19 ശതമാനം വർധിച്ച് 55,081 കോടി രൂപയായി.