
സാങ്കേതികവിദ്യയും, ഗവേഷണ ഫലങ്ങളും പങ്കുവയ്ക്കും
കൊച്ചി: കേരളത്തിലെ മുൻനിര ഓഹരി ഇടപാട് സ്ഥാപനമായ ഷെയർവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡുമായി ബിസിനസ് ധാരണയിലെത്തിയതായി രാജ്യത്തെ പ്രമുഖ ഷെയർ ബ്രോക്കറേജുകളിലൊന്നായ കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡ് പ്രഖ്യാപിച്ചു.
കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 40,000 ൽ അധികം ഷെയർവെൽത്ത് നിക്ഷേപകർക്കും, ഇടപാടുകാർക്കും കോട്ടകിന്റെ വൈവിധ്യമാർന്ന സേവനങ്ങളും ഉത്പന്നങ്ങളും ഇതോടെ ലഭ്യമാകും.
കോട്ടക്ക് ടെക്‌നോളജി പ്ലാറ്റ്ഫോമുകൾ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവ പങ്കുവയ്ക്കും. സാങ്കേതിക വിദ്യയുടെ മികവാണ് ഈ പങ്കാളിത്തത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. വൈവിധ്യ ഫീച്ചറുകളുള്ള കോട്ടകിന്റെ ട്രേഡിങ്ങ് ആപ്പ് മികവുറ്റതാണ്. രാജ്യത്തെ ഏറ്റവും മികച്ച മാർക്കറ്റ് ഗവേഷണ സംവിധാനങ്ങളിലൊന്നാണ് അവർക്കുള്ളത്. മികച്ച ഗവേഷണ ഉൾക്കാഴ്ചകൾ ഉപഭോക്താക്കൾക്ക് പകരാൻ കഴിയുമെന്ന് പങ്കാളിത്തം പ്രഖ്യാപിച്ചുകൊണ്ട് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കൊട്ടക് സെക്യൂരിറ്റീസ് ജോയിന്റ് പ്രസിഡന്റ് സുരേഷ് ശുക്ല പറഞ്ഞു.
മേന്മയേറിയ സാങ്കേതികവിദ്യയുടെ പിൻബലം വൈവിധ്യമാർന്ന നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുമെന്ന് ഷെയർവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്ററും സിഇഒയുമായ ടിബി രാമകൃഷ്ണൻ പറഞ്ഞു.
തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷെയർവെൽത്തിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 100 ൽ അധികം ഫ്രാഞ്ചൈസികളും 40,000 ൽ കൂടുതൽ ഉപഭോക്താക്കളുമുണ്ട്. 1200 കോടിയോളം രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു.
വിപണിയെ പക്വമായ രീതിയിൽ സമീപിക്കാനാണ് ഷെയർവെൽത്ത് ഇടപാടുകാരെ ശീലിപ്പിക്കുന്നത്. ഉപഭോക്താക്കളെ നിരന്തരം അത് ബോധ്യപ്പെടുത്തുകയും, പരിശീലിപ്പിക്കുകയും ചെയ്യുന്നു. മികച്ച നിക്ഷേപകരെ വളർത്തിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം- ടിബി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കൊട്ടക് സെക്യൂരിറ്റീസ് ഫ്രാഞ്ചൈസി വെർട്ടിക്കൽ ദേശിയ മേധാവി സൗമിത്ര മുകർജി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.