മുംബൈ: കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡ്, 2025ലെ വിപണി അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി. വരുംവര്‍ഷങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ഓഹരി, കമ്മോഡിറ്റി, കറന്‍സി വീക്ഷണങ്ങളോടൊപ്പം മാക്രോ ഇക്കണോമിക് വീക്ഷണവും ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയത്.
ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുന്നതിനാല്‍ ആഗോള നിക്ഷേപകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പ്രകാശനവേളയില്‍ കൊട്ടക് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ ശ്രീപാല്‍ ഷാ പറഞ്ഞു.
2024 കലണ്ടര്‍ വര്‍ഷം ഇതുവരെ പ്രമുഖ മേഖലകളായ റിയാല്‍റ്റി(31%), ഫാര്‍മ (30%), പവര്‍ (26%) എന്നിവയില്‍ മുന്നേറ്റം പ്രകടമായിരുന്നു. ബാങ്കുകളുടെയും ക്യാപിറ്റല്‍ ഗുഡ്സിന്റെയും മികച്ച പ്രകടനം മാറ്റിനിര്‍ത്തിയാല്‍ 2025 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ഫലങ്ങള്‍ ദുര്‍ബലമായിരുന്നു.
ഐടി, ഉപഭോക്തൃ കമ്പനികള്‍ എന്നിവയും നിരാശപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷം അവസാനത്തോടെ 4.9 ശതമാനം വരുമാന വളര്‍ച്ചയാണ് നിഫ്റ്റിയില്‍ പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 16.3 ശതമാനവും 2027 സാമ്പത്തിക വര്‍ഷത്തില്‍ 14 ശതമാനവും.
അടിസ്ഥാന സാധ്യത(ബേസ് കേസ്): 2025 ഡിസംബറോടെ നിഫ്റ്റി 26,100ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2027 സാമ്പത്തിക വര്‍ഷം 1372 രൂപയുടെ 19X പിഇ കണക്കാക്കുന്നു.
ബുള്‍ സാധ്യത(ബുള്‍ കേസ്): ലക്ഷ്യം 28,800 (21X പി/ഇ) ആണെങ്കില്‍ ബെയര്‍ സാധ്യത(ബെയര്‍ കേസ്): ഇടിവിനുള്ള സാധ്യത 23,300വരെ. (17X പി/ഇ).
സ്വര്‍ണവും വെള്ളിയും തിളങ്ങും, അതേസമയം ക്രൂഡ് പ്രതിസന്ധി നേരിടും.കമ്മോഡിറ്റികള്‍ക്ക് 2024 മികച്ച വര്‍ഷമായിരുന്നു. കേന്ദ്ര ബാങ്കുകളില്‍നിന്നുള്ള ആവശ്യകത, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഹരിത സാങ്കേതികതയിലേയ്ക്കുള്ള വ്യവസായങ്ങളുടെ പരിഗണന എന്നിവ മൂലം കോമെക്സില്‍ സ്വര്‍ണം ഔണ്‍സിന് 2,801.8 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി.
കനത്ത ചാഞ്ചാട്ടം, വിതരണ മേഖലയിലെ വര്‍ധിച്ച അപകട സാധ്യത, ദുര്‍ബലമായ ചൈനീസ് ഡിമാന്റ് എന്നിവ അസംസ്‌കൃത എണ്ണവിലയില്‍ കനത്ത ചാഞ്ചാട്ടത്തിന് കാരണമായി. യുഎസിലെ ഉത്പാദനം കൂടിയതും ക്രൂഡിനെ ബാധിച്ചു.
2025ലെയ്ക്കെത്തുമ്പോള്‍ മികച്ച ഡിമാന്‍ഡ്, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവമൂലം സ്വര്‍ണവും വെള്ളിയും കരുത്ത് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ഡോളര്‍ കരുത്താര്‍ജിക്കുന്നതും ട്രംപിന്റെ സാമ്പത്തിക നയങ്ങളും നേട്ടംപരിമിതപ്പെടുത്തും.
ആഗോളതലത്തിലുള്ള ലഭ്യതക്കൂടുതല്‍ മൂലം ക്രൂഡ് ഓയില്‍ വെല്ലുവിളി നേരിടേണ്ടിവരും. എന്നിരുന്നാലും മിഡില്‍ ഈസ്റ്റ്, റഷ്യ-യുക്രെയിന്‍ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയിലിന് ഇടക്കിടെ പിന്തുണ നല്‍കിയേക്കാം.
2024ല്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ആപേക്ഷിക സ്ഥിരത കൈവരിച്ചു. ആഗോളതലത്തില്‍ യുഎസ് ഡോളര്‍ ശക്തിപ്രാപിച്ചപ്പോഴും ആര്‍ബിഐയുടെ സജീവമായ ഇടപെടലുകള്‍ രൂപയ്ക്ക് ഗുണം ചെയ്തു.
എന്നിരുന്നാലും ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങളും സാമ്പത്തിക പരിഷ്‌കാരങ്ങളും ആഗോള വിപണികളെ തടസപ്പെടുത്തുകയും ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നതിനാല്‍ 2025ല്‍ കനത്ത ചാഞ്ചാട്ടം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഫെഡറല്‍ റിസര്‍വിന്റെ പണനയം കറന്‍സിയുടെ വ്യതിയാനം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 86/ 87 നിലവാരത്തിലെത്തിയേക്കാം.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വ്യാപാരത്തെ സ്വാധീനിക്കുമെന്നതിനാല്‍ അവനേരിടാന്‍ തയ്യാറെടുക്കുന്നതാകും ഉചിതം.