കോട്ടയം: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ ഉദ്ഘാടനത്തിന് സജ്ജം. അന്തിമമിനുക്കുപണികൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും. മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഉയരുന്നത്.
നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ലുലുമാളുകളുള്ളത്. തൃശൂരിലെ തൃപ്രയാറിൽ ലുലു ഗ്രൂപ്പിന്റെ വൈമാളും പ്രവർത്തിക്കുന്നു. പുറമേ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റുമുണ്ട്.
പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായ മിനി ലുലുമാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്കാണ് മുഖ്യ ഊന്നൽ.
ഒപ്പം ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളുമുണ്ടാകും. കോട്ടയം ലുലുമാളിൽ ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളാണ് അണിനിരക്കുക.
മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുൾപ്പെടുന്നു.
കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ് കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1000 വാഹനങ്ങൾ പാർക്ക് ചെയ്യാം.
കോട്ടയം ലുലുമാളിന്റെ സൗകര്യങ്ങളും ക്രമീകരണങ്ങളും അടുത്തിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരിട്ടെത്തി വിലയിരുത്തിയിരുന്നു.
കോട്ടയത്തിന് പിന്നാലെ തിരൂർ, പെരിന്തൽമണ്ണ, കൊല്ലത്തെ കൊട്ടിയം എന്നിവിടങ്ങളിലും അടുത്തവർഷത്തോടെ മിനി ലുലുമാളുകൾ തുറക്കും. തൃശൂരിലെ ഹൈ-ലൈറ്റ് മാളിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതും പരിഗണിക്കുന്നു.