
കോട്ടയം: കേരളത്തിലെ ആകെ റബര്‍ ഉത്പാദനത്തില്‍ 20.1 ശതമാനവുമായി കോട്ടയം ജില്ല ഒന്നാമത്. കോട്ടയത്തിന്‍റെ വാര്‍ഷിക ഉത്പാദനം 1.07 ലക്ഷം ടണ്‍. റബറില്‍നിന്ന് 1450 കോടി രൂപയുടെ വാര്‍ഷിക വരുമാനം ജില്ലയ്ക്കുണ്ട്.
ഉത്പാദനത്തില്‍ 11.2 ശതമാനവുമായി രണ്ടാം സ്ഥാനം എറണാകുളത്തിന്. ഇവിടെ 59,500 ഹെക്ടറില്‍ റബറില്‍നിന്നുള്ള വരുമാനം 805 കോടി രൂപ. ഉത്പാദനത്തില്‍ 9.8 ശതമാനവുമായി പത്തനംതിട്ട ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
പത്തനംതിട്ടയില്‍ 52,200 ഹെക്ടറില്‍ റബര്‍ കൃഷിയുണ്ട്. വരുമാനം 706 കോടി രൂപ. തൊട്ടുതാഴെ യഥാക്രമം കണ്ണൂര്‍, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളാണ് ഉത്പാദനത്തിലും വരുമാനത്തിലും മുന്‍നിരയിലുള്ളത്. 3700 ഹെക്ടറില്‍ മാത്രം റബറുള്ള ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ്. റബര്‍ വരുമാനം 50 കോടി.
സംസ്ഥാനത്തെ വാര്‍ഷിക റബര്‍ ഉത്പാദനം 5.33 ലക്ഷം ടണ്ണാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബര്‍ കൃഷിയില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 9500 കോടി രൂപ.
റബര്‍ ബോര്‍ഡ് ഗവേഷണകേന്ദ്രം ഇന്നേവരെ വികസിപ്പിച്ച ക്ലോണുകളില്‍ ആര്‍ആര്‍ഐഐ 105 ഇനമാണ് ഉത്പാദനത്തോതില്‍ ഏറ്റവും മികവു കാണിച്ചത്.