മുംബൈ: 5.40 മെഗാവാട്ടിന്റെ പവർ പ്രോജക്ട് സ്ഥാപിക്കാൻ പുതിയ ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ച് കെപിഐ ഗ്രീൻ എനർജി. സിപിപി വിഭാഗത്തിൽപ്പെടുന്ന കാറ്റ്-സോളാർ ഹൈബ്രിഡ് പവർ പ്രോജക്റ്റിന് കീഴിലാണ് ഈ പദ്ധതി സ്ഥാപിക്കുന്നത്. ഓർഡർ പ്രഖ്യാപിച്ചതിന് ശേഷം കമ്പനിയുടെ ഓഹരി 3.89 ശതമാനം ഉയർന്ന് 891 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സൂറത്ത് ആസ്ഥാനമായുള്ള ഗ്രീൻലാബിൽ നിന്ന് 5.40 മെഗാവാട്ട് കാറ്റ്-സോളാർ ഹൈബ്രിഡ് പവർ പ്രോജക്റ്റ് നടപ്പിലാക്കുന്നതിനുള്ള പുതിയ ഓർഡർ ലഭിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇന്ത്യയിൽ ‘സോളാരിസം’ എന്ന ബ്രാൻഡ് നാമത്തിൽ സൗരോർജ്ജം ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ് കെപിഐ ഗ്രീൻ എനർജി.
കമ്പനി ഒരു സ്വതന്ത്ര പവർ പ്രൊഡ്യൂസർ എന്ന നിലയിലും ക്യാപ്‌റ്റീവ് പവർ പ്രൊഡ്യൂസർ എന്ന നിലയിലും സൗരോർജ്ജ പ്ലാന്റുകൾ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 22.23 കോടി രൂപയായി ഉയർന്നിരുന്നു.