മുംബൈ: ഗുജറാത്ത് ഹൈബ്രിഡ് പവർ പോളിസി 2018 പ്രകാരം ഭാവ്‌നഗറിൽ മൊത്തം 16.10 മെഗാവാട്ട് ശേഷിയുള്ള ഗ്രീൻ ഹൈബ്രിഡ് പദ്ധതികൾ സ്ഥാപിക്കാൻ ഒരുങ്ങി കെപിഐ ഗ്രീൻ എനർജി. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 2.75 ശതമാനത്തിന്റെ നേട്ടത്തിൽ 918 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഗുജറാത്തിലെ ഭാവ്‌നഗറിലെ ഭുംഗർ സൈറ്റിൽ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് പവർ പ്രോജക്ടിൽ കാറ്റ്, സൗരോർജ്ജ ശേഷി എന്നിവ ഉൾപ്പെടുന്നതായി റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 132 കോടി രൂപയുടെ സാമ്പത്തിക സഹായം ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.
കൂടാതെ ഹൈബ്രിഡ് പവർ പ്രോജക്ടിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വിൽക്കുന്നതിനായി കമ്പനി വിവിധ കോർപ്പറേറ്റ് പാർട്ടികളുമായി ദീർഘകാല പിപിഎകളിൽ ഏർപ്പെട്ടിട്ടുണ്ട്. പദ്ധതി 2023 മാർച്ചിൽ കമ്മീഷൻ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വ്യവസായ കണക്കുകൾ പ്രകാരം ഓരോ 1 മെഗാവാട്ട് സോളാർ ശേഷി സ്ഥാപിക്കുന്നതിന് 4.5 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.