തിരുവനന്തപുരം: വൈദ്യുതിബോർഡിൽ മേയ് 31-ന് വിരമിക്കുന്നത് 1099 പേർ. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു.
കഴിഞ്ഞവർഷം ആകെ 1300 പേരും. പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ലൈൻമാൻമാരുടെ കുറവുണ്ട്. ഇത് പരിഹരിക്കാൻ വിരമിച്ചവരെ 750 രൂപ ദിവസക്കൂലിക്ക് നിയമിക്കാനാണ് തീരുമാനം. 65 വയസ്സുവരെയുള്ളവർക്കാണ് നിയമനം.
താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങൾ യോഗ്യത സംബന്ധിച്ച തർക്കങ്ങൾ കാരണം കോടതികയറി മുടങ്ങി. ഇതിനുപുറമേ, തസ്തികകളുടെ പുനഃസംഘടന പൂർത്തിയാകുംവരെ ഒരു തസ്തികയിലെയും ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് മാനേജ്മെന്റിന്റെ തീരുമാനം.
ലൈൻമാൻ, വർക്കർ തസ്തികകളിലെ ജീവനക്കാരുടെ കുറവ് വേനൽക്കാലത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. 750 രൂപയ്ക്ക് എത്ര പേർ ജോലിക്കെത്തുമെന്നും ആശങ്കയുണ്ട്.
ആകെ 30,321 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. നിലവിൽ 28,044 പേരാണുള്ളത്. ഇതിൽനിന്നാണ് 1099 പേർകൂടി വിരമിക്കുന്നത്.
വിരമിക്കുന്നത് 119 ലൈൻമാൻമാർ, 388 ഓവർസിയർമാർ
വിരമിക്കുന്നവരിൽ 119 പേർ ലൈൻമാൻമാരാണ്. 388 പേർ ഓവർസിയർമാരും. എട്ട് ചീഫ് എൻജിനിയർമാരും 17 ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരും വിരമിക്കും.
സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ ഉന്നതതലത്തിൽ പല തസ്തികകളിലും ആളില്ലാതാവും. സ്ഥാനക്കയറ്റത്തിന് യോഗ്യതയുള്ളവരുടെ അഭാവവുമുണ്ട്.
സബ് എൻജിനിയർ (172), സീനിയർ സൂപ്രണ്ട് (172), അസിസ്റ്റന്റ് എൻജിനിയർ (72), അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ (28), എക്സിക്യുട്ടീവ് എൻജിനിയർ (33) എന്നിങ്ങനെയാണ് മറ്റുചില തസ്തികകളിൽനിന്ന് വിരമിക്കുന്നവരുടെ എണ്ണം.