
തിരുവനന്തപുരം: നിലവിൽ പിരിക്കുന്ന 19 പൈസയ്ക്കൊപ്പം യൂണിറ്റിന് 16 പൈസകൂടി വൈദ്യുതി സർചാർജ് ആവശ്യപ്പെട്ട് കെഎസ്.ഇ.ബി. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ 28-ന് വാദം കേൾക്കും.
കഴിഞ്ഞമാസം വൈദ്യുതിനിരക്ക് കൂട്ടിയ സാഹചര്യത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആഘാതമാകുമെന്ന ചിന്ത കമ്മിഷനുണ്ട്.
ഇപ്പോൾ യൂണിറ്റിന് ഒമ്പതുപൈസ കമ്മിഷൻ അനുവദിച്ച പ്രകാരം സർചാർജായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർവരെ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 280 കോടി ഈടാക്കാനാണിത്.
ഈ വർഷം മാർച്ച് മുതലുള്ള അധികച്ചെലവ് ഈടാക്കാൻ 10 പൈസ സ്വന്തം നിലയ്ക്ക് ചുമത്താനും കെ.എസ്.ഇ.ബി.യെ കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. ജനുവരിമുതൽ മാർച്ച് വരെയുള്ള സർചാർജിനുള്ള അപേക്ഷയാണ് ഇപ്പോൾ പരിഗണിക്കുന്നത്. 92 കോടിയാണ് ഇക്കാലത്ത് അധികം ചെലവായത്.
280 കോടി പിരിച്ചെടുക്കാൻ അനുവദിച്ചതിൽ നൂറുകോടിയിൽത്താഴെയാണ് കിട്ടിയതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്. അതിനാൽ, ഒമ്പതുപൈസ സർചാർജ് കൂടുതൽക്കാലം തുടരാൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്.