തിരുവനന്തപുരം: ട്രാൻസ്‌ഫോർമറുകളുടെ ശേഷിയുടെ പരിധി പിന്നിട്ടതിനാൽ സംസ്ഥാനത്ത് പുരപ്പുറ സൗരോർജ പ്ലാന്റുകൾക്കുള്ള അപേക്ഷ തള്ളുന്നു. പ്രദേശത്തെ ട്രാൻസ്‌ഫോർമറിന്റെ ശേഷിയുടെ 75 ശതമാനമാകണം സൗരോർജ പ്ലാൻറുകളുടെ ശേഷി.
100 കിലോവാട്ട് ആണ് ട്രാൻസ്‌ഫോർമറിന്റെ ശേഷിയെങ്കിൽ 75 കിലോവാട്ട് ഉത്പാദനത്തിനുള്ള പ്ലാൻറുകൾക്കേ അവിടെ അനുമതി നൽകൂ. അല്ലാത്ത അപേക്ഷകൾ തള്ളും.
പുരപ്പുറ സോളാർ പദ്ധതിയുടെ അടുത്തഘട്ടമായി കേന്ദ്രസർക്കാരിന്റെ സുര്യഘർ മുഫ്ത് യോജന നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. സാധാരണക്കാർക്ക് കൂടുതൽ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്.
മാർച്ചിൽ തുടങ്ങിയ ഈ പദ്ധതിയിൽ 75,000 അപേക്ഷകൾ കിട്ടി. ഇതിൽ മുപ്പതിനായിരിത്തോളം അപേക്ഷകൾക്കാണ് ഫീസിബിലിറ്റി വിലയിരുത്തി അനുമതി നൽകാനായത്.
പലേടത്തും ട്രാൻസ്‌ഫോർമറിന്റെ പരിധി കഴിഞ്ഞതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന മറുപടിയാണ് കെ.എസ്.ഇ.ബി. നൽകുന്നത്. നെറ്റ് മീറ്ററുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തും പ്ലാൻറുകൾക്ക് അനുമതി നൽകുന്നതിന് തടസ്സമാകുന്നു.
ട്രാൻസ്‌ഫോർമറിന്റെ ശേഷിയുടെ 75 ശതമാനത്തിന് പകരം 90 ശതമാനംവരെ സോളാർ പ്ലാൻറുകൾ അനുവദിക്കാമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന പ്രശ്നമുണ്ട്.
ഇപ്പോൾത്തന്നെ സോളാർ ഉത്പാദനം ഉണ്ടാക്കുന്ന വോൾട്ടേജ് വ്യതിയാനം പലേടത്തും ഗ്രിഡിന്റെ സ്ഥിരതയെ ബാധിക്കുന്നുണ്ട്. സോളാർ ഉത്പാദനം കൂടുന്നതോടെ പകലത്തെ ഉപയോഗത്തിന് പുറത്തുനിന്ന് കരാർ ചെയ്തിട്ടുള്ള വൈദ്യുതി ഉപയോഗിക്കാതെ സറണ്ടർ ചെയ്യേണ്ടിവരുന്നു. ഇത് കെ.എസ്.ഇ.ബി.യെ സാമ്പത്തികമായും ബാധിക്കും.
അതിനിടെ സൗരോർജ പ്ലാന്റുകൾ വ്യാപിക്കുന്നതിലൂടെയുണ്ടാകുന്ന സാങ്കേതികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പഠിക്കാൻ കെ.എസ്.ഇ.ബി. ആഭ്യന്തര പഠനസമിതി രൂപവത്കരിച്ചു.
കളമശ്ശേരി സിസ്റ്റം ഓപ്പറേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ.എക്സ്. സുനിലാണ് നേതൃത്വംനൽകുന്നത്.
മാർച്ച് മാസം വരെയുള്ള കണക്കിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ടത് 1009.29 മെഗാവാട്ട് ഉത്പാദിപ്പിക്കാവുന്ന സോളാർ പ്ലാൻറുകളാണ്. 1.27 ലക്ഷം പേരാണ് ഇതിനകം പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചത്.