
തിരുവനന്തപുരം: പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിച്ചവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ മുൻഗണനാ ക്രമത്തിൽ നെറ്റ് മീറ്റർ വിതരണം ചെയ്യുമെന്നു കെഎസ്ഇബി അറിയിച്ചു. മീറ്റർ വിതരണം ചെയ്യുന്നതിനു ടെൻഡർ ലഭിച്ച കമ്പനിയെ ഗോവ സർക്കാർ കരിമ്പട്ടികയിൽ ചേർത്തതിനാലാണ് മീറ്റർ ക്ഷാമം നേരിട്ടത്.
തുടർന്ന് ടെൻഡറിൽ രണ്ടാമതെത്തിയ ഷ്നൈഡർ എന്ന കമ്പനിയിൽ നിന്ന് 10,000 സിംഗിൾ ഫേസ് മീറ്ററും 30,000 ത്രീ ഫേസ് മീറ്ററും കെഎസ്ഇബി വാങ്ങിയിട്ടുണ്ട്.
ഇനി ഇവയുടെ ഗുണനിലവാര പരിശോധന നടത്താൻ രണ്ടോ മൂന്നാ ദിവസത്തെ സമയം ആവശ്യമുണ്ട്. അതു കഴിഞ്ഞാൽ വിവിധ സെക്‌ഷനുകളിലേക്ക് മീറ്റർ എത്തിക്കും. അവിടെ നിന്നു മുൻഗണനാ ക്രമം അനുസരിച്ച് മീറ്റർ വിതരണം ചെയ്യും.
അടുത്ത ഘട്ടത്തിൽ ക്ഷാമം ഉണ്ടാകാതിരിക്കാനായി 30,000 വീതം സിംഗിൾ, 3 ഫേസ് മീറ്ററുകൾക്ക് ഓർഡർ ചെയ്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
സോളർ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിന് ഉപയോക്താക്കൾ കെഎസ്ഇബി നെറ്റ് മീറ്റർ വിതരണം ചെയ്യാത്തതിനാൽ പ്രതിസന്ധിയിലായ വിവരം റിപ്പോർട്ട് ചെയ്തിരുന്നു.