
തിരുവനന്തപുരം: വ്യവസായനയത്തിനുപിന്നാലെ സംരംഭങ്ങൾക്ക് കൂടുതൽ സഹായപദ്ധതി പ്രഖ്യാപിച്ച് സർക്കാർ. കേരള വ്യവസായവികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) വഴി നൽകുന്ന മുഖ്യമന്ത്രിയുടെ സഹായധനവായ്പയുടെ പരിധി അഞ്ചുകോടിയായി വർധിപ്പിച്ചു.
അഞ്ചുശതമാനമാണ് പലിശ. വനിതാസംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാനും വ്യവസായവകുപ്പ് തീരുമാനിച്ചു.
സംരംഭങ്ങൾക്ക് ഇൻസെന്റീവ് നൽകുന്ന പദ്ധതി വ്യവസായനയത്തിന്റെതന്നെ ഭാഗമാക്കിയിട്ടുണ്ട്. ഇതിനുപുറമേയാണ് കെ.എസ്.ഐ.ഡി.സി. വഴിയുള്ള സഹായധനവും പരിഷ്കരിച്ചത്.
ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മസംരംഭങ്ങൾ, കേരളത്തിനുപുറത്ത് താമസിക്കുന്നവർ സംസ്ഥാനത്ത് തുടങ്ങുന്ന സംരംഭങ്ങൾ എന്നിവയ്ക്കെല്ലാം മൂലധനസഹായം ഉറപ്പാക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ സഹായധനപദ്ധതി പ്രഖ്യാപിച്ചത്.
കുറഞ്ഞത് 25 ലക്ഷവും പരമാവധി രണ്ടുകോടിയുമായിരുന്നു കുറഞ്ഞ പലിശയ്ക്ക് ഈ പദ്ധതിയനുസരിച്ച് വായ്പ നൽകിയിരുന്നത്.
വ്യവസായ വികസനാന്തരീക്ഷം ഉറപ്പാക്കാൻ ഈ പദ്ധതിയിലും മാറ്റംവരുത്തണമെന്ന് കെ.എസ്.ഐ.ഡി.സി. സർക്കാരിനെ അറിയിച്ചതോടെയാണ് നടപടി.
കുറഞ്ഞ സഹായധനം ഒരുകോടിയായി ഉയർത്തി. അതിനു താഴെയുള്ള സഹായപദ്ധതികൾ മറ്റു പദ്ധതികളിലും കെ.എസ്.ഡി.സി.യിൽനിന്ന് നേരിട്ടും ലഭിക്കുമെന്നതിനാലാണിത്.
സ്റ്റാർട്ടപ്പുകൾക്ക് ഒരുകോടിരൂപ വരെ സഹായം അനുവദിക്കുന്ന പദ്ധതിയും കെ.എസ്.ഐ.ഡി.സി. തയ്യാറാക്കിയിട്ടുണ്ട്. വനിതാസംരംഭകർക്ക് പ്രത്യേകസഹായം ഉറപ്പാക്കാനായി ‘വി-മിഷൻ’ എന്നപേരിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 50 ലക്ഷം വരെ വായ്പ ലഭ്യമാക്കും.