തിരുവനന്തപുരം: ഇന്ധനച്ചെലവ് പത്തുശതമാനം കുറച്ച് സാമ്പത്തികസ്ഥിരത കൈവരിക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങുന്നു. ഇതിനായി ഓരോ ഡിപ്പോയ്ക്കും ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്.
ഒരു ലിറ്റർ ഡീസല്‍ ഉപയോഗിക്കപ്പെടുമ്പോള്‍ എത്ര രൂപ വരുമാനം കിട്ടുന്നെന്നും കണക്കാക്കിത്തുടങ്ങി.
കോർപ്പറേഷന്റെ വരുമാനത്തില്‍ 50 ശതമാനം തുകയും ഇപ്പോള്‍ ഇന്ധനം വാങ്ങാൻ വിനിയോഗിക്കുകയാണ്. ഇത് 40 ശതമാനമാക്കി കുറച്ചാല്‍ ശമ്പളവിതരണത്തിലടക്കമുള്ള പ്രതിസന്ധി മറികടക്കാനാകും.
ഓടിക്കുന്ന ബസുകളുടെ എണ്ണത്തിനനുസരിച്ച് പ്രതിദിനം 3,20,000 ലിറ്റർ ഡീസലാണ് ഇപ്പോള്‍ കോർപ്പറേഷൻ ഉപയോഗിക്കുന്നത്. ഇത് കുറച്ചുകൊണ്ടുവരാനാണ് നീക്കം.
ഓരോ ഡിപ്പോയ്ക്കും ഡിസംബർവരെയുള്ള ടാർഗറ്റാണ് നിശ്ചയിച്ചു നല്‍കിയത്. ഓരോ ഷെഡ്യൂളിനും ഉപയോഗിക്കാൻ കഴിയുന്ന ഇന്ധനത്തിന്റെ അളവ് പുതുക്കി നിശ്ചയിക്കണം. ഇതുസംബന്ധിച്ച ബോർഡുകള്‍ പമ്പിലും വെഹിക്കിള്‍ സൂപ്പർവൈസറുടെ മുറിയിലും പ്രദർശിപ്പിക്കണം.
ക്ലച്ച് തകരാർ, ബ്രേക്ക് ജാമിങ്, എയർ ലീക്ക്, ഡീസല്‍ ലീക്ക് തുടങ്ങി ഇന്ധനോപയോഗത്തെ ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവേണം ബസുകള്‍ നിരത്തിലിറക്കാനെന്നും നിർദേശിച്ചിട്ടുണ്ട്.
യൂണിറ്റ് അധികാരികള്‍ക്കും വെഹിക്കിള്‍ സൂപ്പർവൈസർമാർക്കും ഗാരേജ് അധികാരികള്‍ക്കുമെല്ലാം ഇതുസംബന്ധിച്ച ചുമതല നല്‍കി.
വീഴ്ചവരുത്തുന്നവർക്കെതിേര നടപടിയെടുക്കും. എന്നാല്‍ കാലപ്പഴക്കംമൂലം അറ്റകുറ്റപ്പണി നടത്താൻപോലും കഴിയാത്ത ബസുകളില്‍നിന്ന് ഡീസല്‍ ലാഭിക്കണമെന്ന ഫ്യുവല്‍ ഡിവിഷൻ വർക്സ് മാനേജരുടെ നിർദേശം പ്രായോഗികമല്ലെന്നാണ് ഡ്രൈവർമാരുടെ വാദം.
വർഷങ്ങളായി പരാതിപറഞ്ഞിട്ടും പരിഹരിക്കാത്ത തകരാറുകളുണ്ട്. വർക്ഷോപ്പുകളില്‍ വേണ്ടത്ര ജീവനക്കാരും സ്പെയർ പാർട്സും ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണികളൊന്നും കാര്യക്ഷമമായി നടപ്പാക്കാനാകില്ല.
ബസുകളെല്ലാം വിശദപരിശോധനയ്ക്കു വിധേയമാക്കി, തകരാറുകള്‍ കണ്ടെത്തി പരിഹരിച്ചാല്‍ ഇന്ധനക്ഷമത വർധിപ്പിക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.