തിരുവനന്തപുരം: ദീർഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്.
സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ക്കും മുൻഗണന നല്‍കികൊണ്ടാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ബസുകളേക്കാള്‍ അല്‍പം കൂടുതലും മറ്റ് എ.സി. ബസുകളേക്കാള്‍ കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്.
പഴയ സൂപ്പർ ഫാസ്റ്റുകള്‍, ലോ ഫ്ളോർ എസി ബസുകള്‍ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടർ എൻജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടിക്കാനാണ് കെഎസ്‌ആർടിസിയുടെ പദ്ധതി.
നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്‍ നിരത്തില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണ്. ഇതാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍. നിലവിലെ സർവീസുകള്‍ വിജയകരമായാല്‍ തുടർന്നും കൂടുതല്‍ ബസുകള്‍ വരും.
പ്രീമിയം സൂപ്പർഫാസ്റ്റ് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക്
(ലോ ഫ്ളോറിനെക്കാള്‍ കുറവ്; സൂപ്പർ ഫാസ്റ്റിനെക്കാള്‍ കൂടുതല്‍)
തൊടുപുഴ-350
കോട്ടയം-240
മൂവാറ്റുപുഴ-330
അങ്കമാലി-380
തൃശ്ശൂർ-450
പാലക്കാട്-550
ചടയമംഗലം-100
കൊട്ടാരക്കര-120
പത്തനാപുരം-150
പത്തനംതിട്ട-190
എരുമേലി-240
ഈരാറ്റുപേട്ട-290