
കെഎസ്ആർടിസിയുടെ കിടിലൻ ടൂർ പാക്കേജ്. ഒറ്റ ദിവസം കൊണ്ട് ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്യാം. ആഡംബര ബോട്ടിൽ സഞ്ചാരികളെ അറബിക്കടൽ കാണിക്കുന്ന പാക്കേജ് കോട്ടയത്ത് നിന്നും തുടങ്ങിയിരിക്കുകയാണ് കെഎസ്ആർടിസി.
നെഫെറ്റിറ്റി എന്ന ആഡംബര ബോട്ടിലാണ് യാത്ര. കോട്ടയത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് മെയ് 16 മുതൽ യാത്ര തുടങ്ങും. ഉച്ചക്ക് യാത്ര ആരംഭിച്ച് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഒരാൾക്ക് 3,560 രൂപയാണ് യാത്രാ നിരക്ക്. കുട്ടികൾക്ക് 1250 രൂപയും. 48 മീറ്റർ നീളവും 15 മീറ്റർ വ്യാസവുമുള്ള ആഡംബര ബോട്ടാണ് നെഫെറ്റിറ്റി. ബിസിനസ് മീറ്റിംഗുകളും ജൻമദിനാഘോഷങ്ങളും വിവാഹ വാർഷികാഘോഷങ്ങളും ഒക്കെ ഈ ബോട്ടിൽ നടത്താം.
കടലിൽ 12 നോട്ടിക്കൽ മൈൽ വരെ യാത്ര നടത്താൻ ഈ ബോട്ടിനാകും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബസമേതം നെഫെറ്റിറ്റിയിൽ യാത്ര നടത്തിയിരുന്നു.
ആകർഷണങ്ങൾ എന്തൊക്കെ ?
ഒറ്റക്ക് മാത്രമല്ല കുടുംബ സമേതവും ബോട്ട് മുഴുവനായും ഒക്കെ ബുക്ക് ചെയ്ത് യാത്ര നടത്താം. 200 പേർക്ക് വരെ ഒരു സമയം യാത്ര ചെയ്യാനാകും. റെസ്റ്റോറൻറ്, കുട്ടികൾക്കായുള്ള പ്രത്യേക പ്ലേ ഏരിയ, സൺഡെക്ക് എന്നിവയെല്ലാം ഉണ്ടാകും.
കുട്ടികൾക്കായുള്ള പ്രത്യേക ഗെയിമുകളും മുതിർന്നവർക്കുള്ള ആക്ടിവിറ്റികളും ഒക്കെ സംഘാടകർ സംഘടിപ്പിക്കും. നിലവിൽ ഈ ബോട്ടിൽ ഡോക്ടർമാരുടെ കോൺഫറൻസ്, ബിസിനസ് സമ്മേളനങ്ങൾ എന്നിവയൊക്കെ സംഘടിപ്പിക്കുന്നുണ്ട്.
ഫിലിം ഷൂട്ടിംഗ്, പ്രമോഷൻ തുടങ്ങിയ ആവശ്യങ്ങൾക്കും ഈ ആഡംബര ബോട്ട് ഉപയോഗിക്കാൻ ആകും. മോഹൻലാൽ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും ഈ ആഡംബര ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ട്.
കെഎസ്ആർടിസി പോക്കറ്റിനിണങ്ങുന്ന ഒട്ടേറെ ട്രിപ്പുകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതലും ഏകദിന ടൂറുകളാണ്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമെല്ലാം ബജറ്റ് ടൂർ പാക്കേജുകൾ ഒരുക്കുന്നുണ്ട്.
കെഎസ്ആർടിസിയുടെ ഏറെ സ്വീകാര്യതയുള്ള ഒരു ടൂർ പാക്കേജാണ് മൂന്നാർ. ഗവി, പൊൻമുടി തുടങ്ങിയ റൂട്ടുകളിലും യാത്ര ചെയ്യാനാകും.