സമീപപാതകളിലെയും അടുത്ത ഡിപ്പോകളിലെയും ദീർഘദൂരബസുകളുടെ സമയപട്ടിക ഓർഡിനറി ബസുകള്‍ക്കുള്ളില്‍ പ്രദർശിപ്പിക്കാൻ കെ.എസ്.ആർ.ടി.സി. ഒരുങ്ങുന്നു.
തുടർ യാത്രയ്ക്ക് സഹായകരമായ വിവരങ്ങള്‍ ബസ്സിനുള്ളിലെ സ്ക്രീനില്‍ തെളിയും. അന്വേഷണ കൗണ്ടറില്‍ തിരയേണ്ടതില്ല.
ആദ്യഘട്ടത്തില്‍ 500 ബസുകളിലാണ് വീഡിയോ സ്ക്രീനുകള്‍ സ്ഥാപിക്കുക. ഘട്ടംഘട്ടമായി മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. തലസ്ഥാനനഗരത്തില്‍ പരീക്ഷണത്തിലുള്ള ഓണ്‍ലൈൻ ടിക്കറ്റിങ് സംവിധാനമായ ‘ചലോ ആപ്’ സംസ്ഥാന വ്യാപകമാകുമ്പോള്‍ ബസുകളുടെ തത്സമയ യാത്രാവിവരങ്ങള്‍ ഈ സ്ക്രീനുകളിലേക്കെത്തും. അതുവരെ റെക്കോഡഡ് സന്ദേശങ്ങളാകും നല്‍കുക.
400 ഓർഡിനറി ബസുകളിലും 100 സൂപ്പർഫാസ്റ്റ് ബസുകളിലുമാകും ആദ്യം പദ്ധതി നടപ്പാക്കുക. ഇതിനായി സ്വകാര്യപങ്കാളിത്തം തേടി.
അടിസ്ഥാനസൗകര്യങ്ങളെല്ലാം കരാർ കമ്പനി ഒരുക്കണം. അറിയിപ്പുകള്‍ക്കിടയില്‍ നിശ്ചിതസമയം പരസ്യം പ്രദർശിപ്പിക്കാൻ അനുമതി നല്‍കും.
ഒരു ബസിന് മാസം 2000 രൂപ കെ.എസ്.ആർ.ടി.സി.ക്ക് പ്രതിഫലം നല്‍കണം. പരസ്യവരുമാനം കമ്പനിക്ക് ലഭിക്കും.