
കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആദ്യ തദ്ദേശീയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍(Under Water Drone) വികസിപ്പിച്ച ഐറോവ്(Irove) പത്തു കോടി നിക്ഷേപം(Investment) സമാഹരിച്ചു. യൂണികോണ്‍ ഇന്ത്യ(Unicorn India) നടത്തിയ പ്രീസീരീസ് എ റൗണ്ടിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(Kerala Startup Mission) സ്റ്റാര്‍ട്ടപ്പായ ഐറോവ് നിക്ഷേപം സമാഹരിച്ചത്.
അന്താരാഷ്ട്ര വിപണിയിലേക്ക് ഐറോവിന്‍റെ സാന്നിദ്ധ്യം വ്യാപിപ്പിക്കാന്‍ ഈ നിക്ഷേപത്തിലൂടെ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സഹായിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ ഉത്പന്നങ്ങള്‍ ഐറോവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി സുസ്ഥിരമായ വളര്‍ച്ചയാണ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജലാന്തര്‍ പര്യവേഷണങ്ങളിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണിത്.
ഗള്‍ഫ്, കിഴക്കന്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിലവിലുള്ള സാന്നിദ്ധ്യം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഐറോവ്. വിപണി സാന്നിദ്ധ്യം ശക്തമാക്കുന്നതിനോടൊപ്പം ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് ഐറോവ് സിഇഒ ജോണ്‍സ് ടി മത്തായി ചൂണ്ടിക്കാട്ടി.
ഐറോവിന്‍റെ നൂതനസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. ഇനി വിദേശവിപണിയാണ് ലക്ഷ്യമെന്നും ജോണ്‍സ് പറഞ്ഞു.
പുതിയ ഉത്പന്നങ്ങളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ നിക്ഷേപം ഊര്‍ജ്ജം പകരുമെന്ന് ഐറോവ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ കണ്ണപ്പ പളനിയപ്പന്‍ പി പറഞ്ഞു. ഈ വര്‍ഷം രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കമ്പനികളുമായി ഐറോവ് കരാറുണ്ടാക്കി കഴിഞ്ഞു.
ഓയില്‍ ആന്‍ഡ് ഗ്യാസ്, അടിസ്ഥാനസൗകര്യ പദ്ധതികള്‍, ഇന്ത്യന്‍ പ്രതിരോധ മേഖല എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്രാന്തര്‍ റോബോട്ടിക് സാങ്കേതികവിദ്യ അതിസങ്കീര്‍ണമായ ഒന്നാണെന്ന യൂണികോണ്‍ ഇന്ത്യ വെഞ്ച്വറിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി പറഞ്ഞു. അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ എന്നത് നൂതനമായ ആശയമാണ്.
ഡീപ് ടെക് മേഖലയില്‍ യൂണികോണ്‍ ഇന്ത്യ എല്ലായ്പോഴും മികച്ച പ്രോത്സാഹനമാണ് നിക്ഷേപങ്ങള്‍ വഴി നടത്തുന്നത്. ആഗോള നിലവാരത്തിലുള്ള ഐറോവിന്‍റെ ഉത്പന്നങ്ങള്‍ ഭാവിയിലെ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സഹപാഠികളായിരുന്ന ജോണ്‍സ് ടി മത്തായി, കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ ചേര്‍ന്ന് 2016 ലാണ് ഐറോവ് കമ്പനി ആരംഭിച്ചത്. ജലാന്തര്‍ ഭാഗത്തേക്ക് ചെന്ന് വ്യക്തമായ ദൃശ്യങ്ങളും വിവരശേഖരണവും നടത്തുന്ന ഐറോവ് ട്യൂണ എന്ന അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്ന്‍റ് ഓര്‍ഗനൈസേഷന്‍)- എന്‍എസ്ടിഎല്‍(നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നിക്കല്‍ ലബോറട്ടറി)യുടെ സാങ്കേതികവിദ്യാ വികസന ഫണ്ടിനുള്ള ധാരണാപത്രം ഐറോവ് ഒപ്പിട്ടു.
ഇന്ന് വരെ എത്തിപ്പെടാത്ത ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കള്‍ ആണ് ഡിആര്‍ഡിഒ ഫണ്ട് ഉപയോഗിച്ച് ഐറോവിന് നിര്‍മ്മിക്കേണ്ടത്.
പ്രതിരോധം, ദുരന്തനിവാരണം, അണക്കെട്ടുകള്‍, പാലങ്ങള്‍, എണ്ണക്കിണറുകള്‍, തുറമുഖങ്ങള്‍, കപ്പല്‍ വ്യവസായം എന്നിവയില്‍ ഇത് ഉപയോഗിച്ച് വരുന്നു. തീരസംരക്ഷണ സേന, ഡിആര്‍ഡിഒ ലാബുകള്‍, സിഎസ്ഐആര്‍-എസ് സിആര്‍സി എന്നീ സ്ഥാപനങ്ങള്‍ ഐറോവിന്‍റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഇതിനകം തന്നെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഐറോവ് ട്യൂണ ഡിആര്‍ഡിഒ, എന്‍പിഒഎല്‍, ബിപിസിഎല്‍, സിഎസ്ഐആര്‍, ഇന്ത്യന്‍ റെയില്‍വേ, അദാനി, ടാറ്റ, എന്‍എച്ഡിസി, കെഎന്‍എന്‍എല്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ക്കായി 100 ലധികം പര്യവേഷണങ്ങള്‍ നടത്തിക്കഴിഞ്ഞു.
ഇതിനു പുറമെ ഗെയിലിന്‍റെ സാമ്പത്തികസഹായം വഴി വികസിപ്പിച്ചെടുത്ത ഐറോവ് ഐബോട്ട് ആല്‍ഫ എന്ന ആളില്ലാ ബോട്ട് ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
സമുദ്രോപരിതലത്തിലെ വിവരശേഖരണത്തോടൊപ്പം സമുദ്രാന്തര്‍ഭാഗത്തെ ഡാറ്റാ ശേഖരണം, പാരിസ്ഥിതിക വിവരങ്ങള്‍ തുടങ്ങിയവയ്ക്കും ഉപയോഗിക്കാം. ഡീസല്‍ബോട്ടിനേക്കാള്‍ മലീനീകരണത്തോത് ഏറെ ഇതിനു കുറവാണ്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനോടൊപ്പം മേക്കര്‍വില്ലേജിലും കമ്പനി ഇന്‍കുബേറ്റ് ചെയ്തിട്ടുണ്ട്. ബിപിസിഎല്‍, ഗെയില്‍ എന്നിവയുടെ സീഡ് ഫണ്ടും ഐറോവിന് ലഭിച്ചു.
കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഐറോവിന്‍റെ ആസ്ഥാനം.