മുംബൈ: പിയർ-ടു-പിയർ (പി2പി) ലെൻഡിംഗ് പ്ലാറ്റ്‌ഫോമായ ലിക്വിലോൺസിൽ ഏകദേശം 10 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ഫിൻടെക് പ്ലാറ്റ്‌ഫോമായ ക്രെഡ്. നിക്ഷേപത്തിലൂടെ ലിക്വിലോൺസിന്റെ ന്യൂനപക്ഷ ഓഹരി സ്വന്തമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഈ നിക്ഷേപം കുനാൽ ഷായുടെ നേതൃത്വത്തിലുള്ള കമ്പനിയെ അതിന്റെ പി2പി വായ്പാ ഉൽപ്പന്ന ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. കമ്പനിയുടെ നിക്ഷേപത്തോടെ ലിക്വിലോൺസിന്റെ മൂല്യം ഏകദേശം 200 ദശലക്ഷം ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നു. കൂടാതെ ഇത് പി2പി പ്ലാറ്റ്‌ഫോമുമായുള്ള ക്രെഡിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കും.
കമ്പനി തുടക്കം മുതൽ ലാഭകരമാണെന്നും. അതിന്റെ നെറ്റ്‌വർക്കിന് 1 ശതമാനത്തിൽ താഴെ മാത്രം എൻപിഎകൾ ഉള്ളുവെന്നും ലിക്വിലോൺസ് അവകാശപ്പെടുന്നു. നിക്ഷേപം ലിക്വിലോൺസിന്റെ സാങ്കേതിക ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
അതേസമയം ഉപയോക്താക്കൾക്ക് അവരുടെ ബില്ലുകൾ അടയ്‌ക്കുന്നതിന് പോയിന്റുകൾ നൽകുന്ന ഒരു ക്രെഡിറ്റ് കാർഡ് റീപേമെന്റ് പ്ലാറ്റ്‌ഫോമായാണ് ക്രെഡ് അതിന്റെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ നിലവിൽ കമ്പനി വാടക പേയ്‌മെന്റുകളും വ്യക്തിഗത വായ്പകളും പോലുള്ള ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കമ്പനി പി2പി വായ്പാ ഉൽപ്പന്നമായ ക്രെഡ് മിന്റ് പുറത്തിറക്കിയിരുന്നു.
ക്രെഡ് മിന്റ് അതിന്റെ ഉപയോക്താക്കൾക്ക് രണ്ട് മിനിറ്റിനുള്ളിൽ 1 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള കമ്മീഷൻ രഹിത വായ്പ വാഗ്ദാനം ചെയ്യുന്നു. കുനാൽ ഷാ 2018-ൽ സ്ഥാപിച്ച ക്രെഡ്, ഇന്നുവരെ ഒരു ബില്യൺ ഡോളറിലധികം ഫണ്ടിംഗ് സമാഹരിച്ചു. നിലവിൽ അതിന്റെ മൂല്യം ഏകദേശം 6.3 ബില്യൺ ഡോളറാണ്. 2021 സാമ്പത്തിക വർഷത്തിൽ 95.5 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്.