
എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) കീഴില്‍ വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും.
നിലവില്‍ പ്രതിമാസം ആയിരം രൂപയാണ് മിനിമം പെന്‍ഷന്‍. ഇത് 7500 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
2014-ല്‍ സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപ ആയി നിശ്ചയിച്ചിട്ടും, 36.60 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് ഇപ്പോഴും ഈ തുകയേക്കാള്‍ കുറവാണ് ലഭിക്കുന്നതെന്ന് പെന്‍ഷന്‍കാരുടെ സംഘടന ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
ഇക്കാര്യമുന്നയിച്ച് സംഘടന ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഡിഎ, പെന്‍ഷന്‍കാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും സൗജന്യ വൈദ്യചികിത്സ എന്നിവയും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
ധനമന്ത്രിയുമായുള്ള ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കിടെ മിനിമം പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്നും അയ്യായിരം രൂപയാക്കി കൂട്ടണമെന്നാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പെന്‍ഷന്‍കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 5000 രൂപ പര്യാപ്തമല്ലെന്നും കുറഞ്ഞ പെന്‍ഷന്‍ ആവശ്യപ്പെട്ടതിന് തൊഴിലാളി സംഘടനകളെ പെന്‍ഷന്‍ യൂണിയനുകള്‍ വിമര്‍ശിക്കുകയും ചെയ്തു.
മാസ ശമ്പളക്കാരുടെ പ്രധാന ആനുകൂല്യങ്ങളിലൊന്നാണ് ഇപിഎഫ്. ജീവനക്കാര്‍ അവരുടെ പ്രതിമാസ വേതനത്തിന്‍റെ ഒരു ഭാഗം (സാധാരണയായി അവരുടെ അടിസ്ഥാന ശമ്പളം + ക്ഷാമബത്തയുടെ 12 ശതമാനം) ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്.
തൊഴിലുടമകള്‍ തുല്യ തുക സംഭാവന ചെയ്യുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന ഒരു നിശ്ചിത പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കുകയും ചെയ്യും. തൊഴിലുടമയുടെ വിഹിതം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു,
അതില്‍ 8.33% എംപ്ലോയീസ് പെന്‍ഷന്‍ സ്കീമിലേക്ക് (ഇപിഎസ്) നീക്കിവയ്ക്കുന്നു, 3.67% ഇപിഎഫ് സ്കീമിലേക്ക് പോകും.