ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനികളെ നയിക്കാന്‍ നിയുക്തരായ ഇന്ത്യന്‍ സിഇഒമാരുടെ ഗണത്തില്‍ ഇനി ലക്ഷ്മണ്‍ നരസിംഹനും. ആഗോള കോഫി ശൃഖലയായ സ്റ്റാര്‍ബക്‌സിന്റെ സിഇഒ ആയി ലക്ഷ്മണ്‍ നരസിംഹന്‍ നിയമിതനായി. ഒരു ഫോര്‍ച്യൂണ്‍ 500 കമ്പനിയാണ് വിശ്വപ്രസിദ്ധ കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സ്.
ഇതോടെ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല ,ആല്‍ഫബെറ്റിലെ സുന്ദര്‍ പിച്ചൈ , അഡോബിലെ ശന്തനു നാരായണ്‍, ഡിലോയിറ്റിലെ പുനിത് റെന്‍ജെന്‍, ഫെഡെക്‌സിന്റെ രാജ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം വന്‍ കമ്പനികളുടെ ചുക്കാന്‍ പിടിക്കുന്ന മറ്റൊരു ഇന്ത്യക്കാരനായി നരസിംഹന്‍ മാറി.
പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ള ലക്ഷ്മണ്‍ നരസിംഹന്‍ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്നും ബിരുദാനന്തര ബിരുദവും എംബിയെയും പൂര്‍ത്തിയാക്കി. നിലവില്‍ ഹൈജീന്‍ കമ്പനിയായ റെക്കിറ്റിന്റെ സിഇഒ ആയി പ്രവര്‍ത്തിക്കുകയാണ് .
പെപ്‌സിക്കോ, മെക്കന്‍സി തുടങ്ങിയ കമ്പനികളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്റ്റാര്‍ബക്ക്‌സിന്റെ മേധാവിയായി ഒക്ടോബറില്‍ ലക്ഷ്മണ്‍ നരസിംഹന്‍ ചുമതലയേല്‍ക്കും