ന്യൂഡല്‍ഹി: മൈക്രോണ്‍ ടെക്നോളജി അര്‍ദ്ധചാലക ഫാക്ടറി തറക്കല്ലിടല്‍ 4-6 ആഴ്ചയ്ക്കുള്ളില്‍ നടക്കും.കേന്ദ്ര വാര്‍ത്താവിനിമയ, റെയില്‍വേ, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ജൂലൈ 3 ന് അറിയിച്ചതാണിത്. ഗുജ്റാത്തില്‍ ഫാക്ടറിയ്ക്കായി ഭൂമി ലഭ്യമായിട്ടുണ്ടെന്ന് ഭാരത് 6 ജി അലയന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
”പ്രോജക്റ്റില്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്ഥലം അനുവദിച്ചത് ഗുജറാത്ത് സര്‍ക്കാരാണ്… ഇപ്പോള്‍, ഫാക്ടറി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി,” വൈഷ്ണവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടുത്ത 4-6 ആഴ്ചകള്‍ക്കുള്ളില്‍ തറക്കല്ലിടല്‍ ചടങ്ങ് നടക്കുമെന്നാണ്് പ്രതീക്ഷ. 2024 ഡിസംബറോടെ ‘ആദ്യത്തെ മെയ്ക്ക് ഇന്‍ ഇന്ത്യ ചിപ്പ്’ ഈ ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് യുഎസ് കമ്പനിയായ മൈക്രോണ്‍ പദ്ധതിയ്ക്കായി നടത്തുക. 5000 ത്തോളം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.
ഒസാറ്റ് (ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്റ് ടെസ്റ്റ്) ആണ് മൈക്രോണ്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നത്. ചൈനയുമായുള്ള യുഎസ് പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ മൈക്രോണ്‍ അതിന്റെ ഭൂമിശാസ്ത്രപരമായ കാല്‍പ്പാടുകള്‍ വിപുലീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പരിശോധന, പാക്കേജിംഗ് യൂണിറ്റ്.
അര്‍ദ്ധചാലക പ്രോഗ്രാം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നു. ആദ്യഘട്ടത്തില്‍ ടാറ്റ ഗ്രൂപ്പ്, സഹസ്ര എന്നിവയുടെ ഒസാറ്റ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സഹസ്ര ഒസാറ്റ് പ്ലാന്റ് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചേയ്ക്കും.