മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും കരിപ്പൂരിൽ വൻവർധന.
2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചുവരെ അന്താരാഷ്ട്ര- ആഭ്യന്തരതലത്തിൽ 33,20,250 യാത്രക്കാരാണ് കരിപ്പൂരിൽനിന്ന് പറന്നത്- 2676932 അന്താരാഷ്ട്ര യാത്രക്കാരും 6,43,318 ആഭ്യന്തരയാത്രക്കാരും.
യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 11.3 ശതമാനമാണ് വർധന. 2022-23-ൽ 29,82,879 യാത്രക്കാരാണ് കരിപ്പരിലുണ്ടായിരുന്നത്- 24,05,011 അന്താരാഷ്ട്ര യാത്രക്കാരും 5,77,868 ആഭ്യന്തര യാത്രക്കാരും.
കഴിഞ്ഞവർഷം 24,418 വിമാനസർവീസുകൾ കരിപ്പൂരിലുണ്ടായി. അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം 17960, ആഭ്യന്തര സർവീസുകളുടെ എണ്ണം 6,458 എന്നിങ്ങനെയാണിത്.
അന്താരാഷ്ട്ര സർവീസുകൾ ഏഴുശതമാനം വർധിച്ചപ്പോൾ ആഭ്യന്തര സർവീസുകൾ 1.5 ശതമാനം മാത്രമാണ് വർധിച്ചത്. മൊത്തം സർവീസുകളുടെ വർധന 5.5 ശതമാനമാണ്. 2022-23-ൽ മൊത്തം 23,142 വിമാനസർവീസുകളാണ് കരിപ്പൂരിലുണ്ടായിരുന്നത്- 16,780 അന്താരാഷ്ട്ര സർവീസുകളും 6,362 ആഭ്യന്തര സർവീസുകളും. ചരക്കുകടത്തിൽ കഴിഞ്ഞവർഷം വലിയ കുതിപ്പുണ്ടായി.
അന്താരാഷ്ട്ര ചരക്കുനീക്കത്തിൽ 28.6 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 18,180 ടൺ അന്താരാഷ്ട്ര കാർഗോ കരിപ്പൂരിൽ കൈകാര്യംചെയ്തു. അതേസമയം ആഭ്യന്തര കാർഗോയിൽ 80 ശതമാനം കുറവുണ്ടായി. 373 ടൺ ഉണ്ടായിരുന്നത് 76 ടൺ ആയി കുറഞ്ഞു.
എങ്കിലും കാർഗോയിലെ മൊത്തം വർധന 25.8 ശതമാനം വരും. നിപ ഭീഷണിയെത്തുടർന്ന് ഏറെക്കാലം കരിപ്പൂരിൽനിന്ന് പഴം, പച്ചക്കറി കയറ്റുമതിയിൽ നിയന്ത്രണമുണ്ടായിരുന്നു.
കരിപ്പൂരിൽ ഏറ്റവുമധികം പേർ യാത്രചെയ്തത് 2018-19 വർഷമാണ്. 33,60,847 പേരാണ് ആ വർഷം യാത്രചെയ്തത്.
റൺവേ റീ കാർപെറ്റിങ് കഴിഞ്ഞശേഷം വലിയ വിമാനങ്ങൾ തിരിച്ചുവന്നതാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായത്.