ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30നാകും വിക്ഷേപണം.
ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാകും വിക്ഷേപണം. 615 കോടി രൂപയാണ് മിഷന്റെ ബജറ്റ്.
ഇതിനു മുൻപ് 2019ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗികമായി മാത്രമേ വിജയിച്ചുള്ളു.
ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം ബാക്കിയായി. എന്നാൽ തിരിച്ചടിയിൽ തളരാതെ വർധിത വീര്യത്തോടെ ആ ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഇസ്റോ ഇത്തവണ രംഗത്തിറങ്ങുന്നത്.
ചന്ദ്രയാൻ 2ൽ നിന്നു വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹം ഇല്ല. ലാൻഡറും റോവറും ഉൾപ്പെടുന്നതാണ് പുതിയ ദൗത്യം. ആകെ 3900 കിലോഗ്രാമാണു ഭാരം.
ലാൻഡർ ഇറക്കുകയെന്നതു തന്നെയാണ് തങ്ങൾ ഉന്നമിടുന്നതെന്ന് ഇതിലൂടെ ഇസ്റോ വ്യക്തമാക്കുന്നു. ചന്ദ്രയാൻ 2ന്റെ ഓർബിറ്ററാകും ഉപയോഗിക്കുക.
ഘടനാപരമായ പരിഷ്കാരങ്ങളോടെ കൂടുതൽ കരുത്തുറ്റ രീതിയിലാണു പുതിയ ദൗത്യത്തിലെ ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്. വിക്രത്തിനേക്കാൾ കരുത്തുറ്റ കാലുകൾ ഈ ലാൻഡറിനുണ്ട്.
വളരെ വെല്ലുവിളിയുയർത്തുന്ന ഈ ലാൻഡിങ് ദൗത്യം ചന്ദ്രയാൻ 3 സഫലീകരിക്കുമെന്നാണ് ഇസ്റോ പ്രതീക്ഷിക്കുന്നത്.