കൊച്ചി: ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ കമ്പനികൾ റിക്രൂട്ട്മെന്റുമായി ക്യാമ്പസുകളിൽ വീണ്ടുമെത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളായ ടി.സി.എസും ഇൻഫോസിസും നടപ്പു സാമ്പത്തിക വർഷത്തിൽ 60,000 പുതിയ നിയമനങ്ങൾ നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ഒന്നര വർഷമായി ഈ രണ്ട് കമ്പനികളും റിക്രൂട്ട്മെന്റ് നടപടികൾ കുറച്ചിരുന്നു. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായി ആഗോള ഐ.ടി മേഖലയിലെ വൈദഗ്ദ്ധ്യ ശേഷിയിൽ മാറ്റമുണ്ടായതും റിക്രൂട്ട്‌മെന്റ് നടപടികൾ വൈകിപ്പിക്കാൻ കമ്പനികളെ നിർബന്ധിതരാക്കി.
എന്നാൽ പുതിയ സാഹചര്യങ്ങളിലും ഇന്ത്യൻ മാനവശേഷിക്ക് ഐ.ടി രംഗത്ത് ഡിമാൻഡ് ഏറെയാണെന്ന് ടി.സി.എസിലെ ഹയറിംഗ് ഓഫീസർ മിലിന്ദ് ലക്കാഡ് പറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ 5,452 പേരെയാണ് പുതുതായി നിയമിച്ചത്.
നടപ്പുവർഷം 40,000 പുതിയ നിയമനങ്ങൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഫോസിസ് നടപ്പുസാമ്പത്തിക വർഷം 15,000 മുതൽ 20,000 പുതിയ നിയമനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ക്യാമ്പസ്, ഓഫ് ക്യാമ്പസ് റിക്രൂട്ടുമെന്റുകൾ സജീവമാക്കുമെന്ന് ചീഫ് ഫിനാൻസ് ഓഫീസർ ജയേഷ് സാഗ്രജ്‌ക പറഞ്ഞു.
ഒന്നര വർഷമായി കമ്പനിയുടെ റിക്രൂട്ട്മെന്റ് മന്ദഗതിലിലായിരുന്നു. പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എൽ ടെക്ക് നടപ്പുവർഷം 10,000 പുതിയ ജോലിക്കാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രമുഖ ഐ.ടി കമ്പനികളിൽ ജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ജൂൺ പാദത്തിൽ ഇൻഫോസിസിലെ ജീവനക്കാരുടെ എണ്ണത്തിൽ 20,962 പേരുടെ കുറവുണ്ടായി. ടി.സി.എസ്, എച്ച്.സി.എൽ ടെക്ക് എന്നിവയിലും ജീവനക്കാരുടെ ഇടിവുണ്ടായി.