
ന്യൂഡൽഹി: രാജ്യത്തെ തുകല്‍, പാദരക്ഷകള്‍ എന്നിവയുടെ കയറ്റുമതി 2024-25ല്‍ 25 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മൊത്തം കയറ്റുമതി 5.7 ബില്യണ്‍ ഡോളറിലെത്തിയതായി കയറ്റുമതിക്കാരുടെ സംഘടനയായ സിഎല്‍ഇ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 6.5 ബില്യണ്‍ ഡോളര്‍ കടക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ആവശ്യകതകള്‍ ആരോഗ്യകരമാണെന്ന് ലെതര്‍ എക്സ്പോര്‍ട്ട് കൗണ്‍സില്‍ (സിഎല്‍ഇ) പറഞ്ഞു.
‘2024-25 ല്‍, വാണിജ്യ വകുപ്പ് നിശ്ചയിച്ച കയറ്റുമതി ലക്ഷ്യത്തേക്കാള്‍ 1 ബില്യണ്‍ യുഎസ് ഡോളര്‍ കൂടുതലായി ഞങ്ങള്‍ നേടിയിട്ടുണ്ട്. ഈ പ്രവണത അനുസരിച്ച്, 2025-26 ല്‍ ഞങ്ങളുടെ കയറ്റുമതി 6.5 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്ന്’ സിഎല്‍ഇ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ സെല്‍വം പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഈ മേഖല വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളായ യുഎസിലും യുകെയിലും കയറ്റുമതി മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് സമാനമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചുകൊണ്ട് സിഎല്‍ഇ ചെയര്‍മാന്‍ രാജേന്ദ്ര കുമാര്‍ ജലാന്‍ അറിയിച്ചു.
10 ശതമാനം താരിഫ് വര്‍ധനവ് കാരണം, എല്ലാ കയറ്റുമതിക്കാരും വാങ്ങുന്നവര്‍ക്ക് കിഴിവുകള്‍ നല്‍കുന്നുണ്ടെങ്കിലും ഓര്‍ഡറുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് ജലാന്‍ പറഞ്ഞു.
‘ഏപ്രില്‍ 14-15 മുതല്‍ സ്ഥിതി സാധാരണമാണ്. യുഎസുമായുള്ള നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറില്‍ സര്‍ക്കാരിന് ‘പൂജ്യം-പൂജ്യം’ തീരുവ ഞങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും മാസങ്ങളിലെ ഓര്‍ഡര്‍ ബുക്കുകള്‍ നല്ലതാണെന്നും യുഎസില്‍ നിന്നും യുകെയില്‍ നിന്നും വലിയ ഡിമാന്‍ഡ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വ്യവസായം ഏകദേശം 42 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. മേഖലയുടെ മൊത്തം വിറ്റുവരവ് ഏകദേശം 19 ബില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ 5 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയും ഉള്‍പ്പെടുന്നു.
2030 ആകുമ്പോഴേക്കും ഈ മേഖലയുടെ മൊത്തം വിറ്റുവരവ് ഏകദേശം 39 ബില്യണ്‍ യുഎസ് ഡോളറിലെത്താന്‍ സാധ്യതയുണ്ട്. ഇതില്‍ 25 ബില്യണ്‍ യുഎസ് ഡോളറിന്റെ ആഭ്യന്തര ഉല്‍പ്പാദനവും 13.7 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി വിറ്റുവരവും ഉള്‍പ്പെടുന്നുവെന്ന് വ്യവസായം പറയുന്നു.
ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ ഫുട്വെയര്‍ കമ്പനികളുമായി കൈകോര്‍ക്കാന്‍ നിരവധി ചൈനീസ് നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും വ്യവസായം അറിയിച്ചു.