കൊച്ചി: നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളും മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളും ഇഷ്യു ചെയ്യുന്നതിലൂടെ 50 കോടി രൂപ സമാഹരിച്ചതായി ലെൻഡിംഗ്കാർട്ട് വെള്ളിയാഴ്ച അറിയിച്ചു. ഇൻക്രെഡ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 20 കോടി രൂപയും യുബിയിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും 30 കോടി രൂപയും കമ്പനി സമാഹരിച്ചു.
സമാഹരിക്കുന്ന മൂലധനം കമ്പനി എംഎസ്എംഇ വിഭാഗത്തിന് വായ്പ നൽകുന്നതിനായി ഉപയോഗിക്കും. എംഎസ്എംഇകൾക്കായുള്ള പ്രവർത്തന മൂലധന മേഖലയിൽ ശ്രദ്ധ കേന്ദ്രികരിക്കാനായി 2014-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ലെൻഡിംഗ്കാർട്ട്.
ഫിൻടെക് കമ്പനി ബിഗ് ഡാറ്റാ വിശകലനത്തെയും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളെയും അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തുന്നതിനും മറ്റ് അനുബന്ധ സേവനങ്ങൾ നൽകുന്നതിനും കടം കൊടുക്കുന്നവരെ സഹായിക്കുന്നു.
ഫുള്ളർട്ടൺ ഫിനാൻഷ്യൽ ഹോൾഡിംഗ് (എഫ്‌എഫ്‌എച്ച്), ബെർട്ടൽസ്‌മാൻ, മെയ്‌ഫീൽഡ് ഇന്ത്യ, സാമ ക്യാപിറ്റൽ, സിസ്‌റ്റമ ഏഷ്യ, ഇന്ത്യ ക്വോഷ്യൻറ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ ഒരു കൂട്ടത്തിൽ നിന്ന് കമ്പനിക്ക് ഇതുവരെ ഏകദേശം 1,100 കോടി രൂപയുടെ മൂലധനം ലഭിച്ചിട്ടുണ്ട്.