
ചെന്നൈ: പ്രമുഖ ഓമ്‌നിചാനൽ കണ്ണട ബ്രാൻഡായ ലെൻസ്‌കാർട്ട് അടുത്ത 6-8 മാസത്തിനുള്ളിൽ ദക്ഷിണേന്ത്യയിലുടനീളം 150-ലധികം റീട്ടെയിൽ സ്റ്റോറുകൾ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്പനിക്ക് ദക്ഷിണേന്ത്യയിലുടനീളം നിലവിൽ 550 സ്റ്റോറുകളുണ്ട്, ഇത് 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 700 സ്റ്റോറുകളിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
പുതിയതായി തുറക്കുന്ന സ്റ്റോറുകൾ പ്രധാന മെട്രോകളിലും ചെറുപട്ടണങ്ങളിലുമായിരിക്കുമെന്ന് ലെൻസ്കാർട്ട് ചീഫ് റീട്ടെയിൽ എക്സ്പാൻഷൻ ഓഫീസർ സുനിൽ മേനോൻ പറഞ്ഞു. ഇതിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ തമിഴ്നാട്ടിൽ മാത്രം 200 സ്റ്റോറുകൾ സ്ഥാപിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മേനോൻ പറഞ്ഞു.
ചെന്നൈയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കോയമ്പത്തൂർ, തിരുച്ചി, മധുരൈ, തിരുനെൽവേലി തുടങ്ങിയ ടയർ-2, -3 നഗരങ്ങളിലേക്കും ബ്രാൻഡ് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ നഗരങ്ങളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറുകൾ പ്രവർത്തിപ്പിക്കുകയും ചെറിയ പട്ടണങ്ങളിൽ ഫ്രാഞ്ചൈസി സ്റ്റോറുകൾ നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫ്‌ലൈൻ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും മേനോൻ പറഞ്ഞു.