മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) സംബന്ധിച്ച നിരവധി പരിഷ്‌ക്കാരങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇയിടെ പ്രഖ്യാപിച്ചു.
ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകള്‍ക്കൊപ്പം പ്രകടന സൂചകങ്ങള്‍ കൂടി
ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍ വെളിപെടുത്തണം എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഏര്‍ണിംഗ് പര്‍ ഷെയര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇത് ഐപിഒ വിലയുടെ യഥാര്‍ത്ഥ മൂല്യം വെളിവാക്കുന്നു.
കൂടാതെ, കഴിഞ്ഞ മൂന്ന് വര്‍ഷമായി സമാഹരിച്ച ഫണ്ട് വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്. ഐപിഒ വില സംബന്ധിച്ച് ഒരു സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കണമെന്ന നിബന്ധനയും സെബി മുന്നോട്ടുവയ്ക്കുന്നു. പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒ) ക്കായുള്ള രേഖകളുടെ രഹസ്യ പ്രിഫയിലിംഗും നടത്താം.
നിലവില്‍, ഐപിഒ കമ്പനികള്‍ വിശദമായ വെളിപ്പെടുത്തലുകളോടെ സെബിയില്‍ ഒരു ഡ്രാഫ്റ്റ് ഓഫര്‍ ഡോക്യുമെന്റ് ഫയല്‍ ചെയ്യണം. വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ വരുന്നതിനാല്‍ അത് എതിരാളികള്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും.
മേല്‍പറഞ്ഞ മാറ്റങ്ങള്‍നിക്ഷേപകര്‍ക്ക് എങ്ങനെ സഹായകമാകുമെന്നും നോക്കാം.
വിവരങ്ങളുടെ സന്തുലിത വിതരണം
സമീപകാല ഭേദഗതികള്‍, വിവരങ്ങളുടെ അസന്തുലിത വിതരണം ഇല്ലാതാക്കും. സ്ഥാപന നിക്ഷേപകര്‍ക്ക് ലഭ്യമായ വിവരങ്ങള്‍ തന്നെ ചെറുകിട നിക്ഷേപകര്‍ക്കും ലഭ്യമാകും എന്നതുകൊണ്ടാണിത്. മൂല്യനിര്‍ണ്ണയങ്ങളുടെ ചരിത്രവും താരതമ്യവും വിശദീകരിക്കുന്നതിന് ഐപിഒ മാനേജര്‍മാര്‍ നിലവില്‍ ബാധ്യസ്ഥരാണ്.
സുതാര്യത
നിബന്ധനകള്‍ ഐപിഒ വില നിര്‍ണ്ണയം സുതാര്യമാക്കും.വില സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം വെളിവാകുന്നതോടെ പ്രാരംഭ ഓഫറിംഗില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് നിക്ഷേപകന് തീരുമാനിക്കാം. മാത്രമല്ല, ലിസിറ്റിംഗില്‍ കൂടുതല്‍ നേട്ടത്തിനും ഇത് അവരെ പ്രാപ്തരാക്കും.
മുന്‍ പ്ലെയ്‌സ്മന്റും ഐപിഒ വിലയുമായുള്ള വെയ്റ്റഡ് ആവറേജ് അനുപാതം വിലനിര്‍ണ്ണയത്തെക്കുറിച്ചുള്ള സമഗ്രത നല്‍കുന്നതോടെയാണ് ഇത്. റെഗുലേറ്ററിന്റെ നിരീക്ഷണങ്ങളിലേക്ക് നേരത്തേ പ്രവേശനം നേടുന്നത് സാധ്യമാണ്. കാരണം ഇവ ഓഫര്‍ ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തും.
തല്‍ഫലമായി, ഐപിഒ ലീഡ് സമയം കുറയുന്നു.
സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്യൂ വില
കൂടുതല്‍ വിവരങ്ങള്‍ നല്‍കണം എന്ന നിബന്ധന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപകാരപ്പെടും. ഇതോടെ തങ്ങളുടെ സാധ്യതകള്‍ അവര്‍ക്ക് നിക്ഷേപകരെ ബോധ്യപ്പെടുത്താനാകും.
ഉയര്‍ന്ന വിലയില്‍ ഐപിഒ നടത്തിയ പേടിഎം, സൊമോട്ടോ പോലുള്ള ന്യൂജനറേഷന്‍ കമ്പനികള്‍ പിന്നീട് വിപണിയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെബി നടപടി. ഐപിഒ വില നിശ്ചയിക്കുന്നതില്‍ ഇടപെടില്ലെന്നും എന്നാല്‍ വിശദീകരണം തേടുമെന്നും സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.