![](https://www.livenewage.com/wp-content/uploads/2023/02/Lexus-has-opened-an-experience-center-in-Kochi-N.jpg)
- നിപ്പോൺ ടവേഴ്സിലാണ് സെൻറർ ആരംഭിച്ചിരിക്കുന്നത്
കൊച്ചി: ഉപഭോക്താക്കൾക്ക് മികച്ച ഷോറും അനുഭവം പകരുന്നതിനായി കൊച്ചിയിൽ ലെക്സസ് ഇന്ത്യ ഗസ്റ്റ് എക്സ്പീരിയൻസ് സെൻറർ ആരംഭിച്ചു. കളമശേരിയിലെ നിപ്പോൺ ടവേഴ്സിലാണ് സെൻറർ തുറന്നിട്ടുള്ളത്. ഇന്ത്യയിലെ 19 ആമത്തെ ടച്ച് പോയിൻ്റാണിത്. ലോകത്തെ മുൻനിര ആഡംബര കാർ നിർമാതാക്കളാണ് ലെക്സസ്.
അതിഥി ദേവോ ഭവ എന്ന കേരളീയ പൈതൃക ചിന്തയും, ആതിഥ്യമര്യാദയുടെ ജാപ്പനീസ് തത്വചിന്താ പദ്ധതിയായ ഓമോതനാഷിയും സമന്വയിപ്പിച്ച രൂപകൽപനയാണ് ലെക്സസ് ജിഇസിയുടേത്.
കൊച്ചി സെൻററിൻ്റെ ബാഹ്യരൂപം ബോട്ട് മാതൃകയിലാണ്. കേരളത്തിൻ്റെ കായലുകൾ, ഹൗസ്ബോട്ടുകൾ, തീരപ്രദേശം എന്നിവയിൽ നിന്നെല്ലാം ആശയം ഉൾക്കൊണ്ടിരിക്കുന്നു. ഒരു ആഡംബര ഹൗസ്ബോട്ടിലേതുപോലെ ശാന്തസുന്ദരവും, പ്രൗഡവുമായ യാത്രാനുഭവം ലെക്സസ് സെൻറർ നൽകുന്നു. മരത്തടി, പിച്ചള തുടങ്ങിയ കേരളീയ വസ്തുവകകൾ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നു. അതിഥികൾക്ക് അവരുടെ വീടുകളിൽ ലഭിക്കുന്ന ഹോംലി കംഫർട്ട് പ്രദാനം ചെയ്യുകയാണ് ആത്യന്തികമായി സെൻറർ ചെയ്തിരിക്കുന്നത്. ജിഇസി ഇൻറീരിയർ കേരളത്തിൻ്റെയും ജപ്പാൻ്റെയും കലാ പൈതൃകം സമന്വയിപ്പിക്കുന്നു. കഫേ, മീറ്റിങ്ങ് റൂം, ഡിസ്കഷൻ ഏരിയ, റിസപ്ഷൻ, കാർ ഡിസ്പ്ലേ ഏരിയ, എന്നിവയെല്ലാം സെൻ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കൊച്ചിയിലെ എക്സ്പീരിയൻസ് സെൻറർ ദക്ഷിണേന്ത്യയിൽ ലെക്സസിസിന് കൂടുതൽ വിപണി സാധ്യത നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ലെക്സസ് ഇന്ത്യ പ്രസിഡൻറ് നവീൻ സോണി പറഞ്ഞു. അതിഥികൾക്ക് വിശിഷ്ട അനുഭവമാണ് ജിഇസി ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളുമായുള്ള ഊഷ്മളമായ ദീർഘകാല ബന്ധമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൊച്ചി ജിഇസി ചെയർമാൻ എംഎഎം ബാബു മൂപ്പൻ പറഞ്ഞു.
5 മോഡലുകളാണ് ഇന്ത്യയിൽ ലക്സസ് ഓഫർ ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ഹൈബ്രിഡ് വാഹന ശ്രേണിയിലേക്കുള്ള ചുവടുമാറ്റം ലെക്സസ് വേഗതയിലാക്കിയിട്ടുണ്ട്.
ആഡംബര വാഹന കാറ്റഗറിയിലെ മുൻനിരക്കാരായ ലക്സസിന് 90 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.