ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനും മറ്റ് പ്രധാന ആഭ്യന്തര പെന്‍ഷന്‍ ഫണ്ടുകളും ദീര്‍ഘകാല ഡെബ്റ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ഘട്ട ഗ്രീന്‍ ബോണ്ടുകളില്‍ മികച്ച ‘ഗ്രീന്‍ പ്രീമിയം’ പ്രതീക്ഷിക്കുകയാണ് ധനമന്ത്രാലയം. ദീര്‍ഘകാല ഗ്രീന്‍ബോണ്ടുകളില്‍ നിക്ഷേപം നടത്താമെന്ന് എല്‍ഐസിയും ആഭ്യന്തര പെന്‍ഷന്‍ഫണ്ടുകളും ഉറപ്പുനല്‍കിയതായി വൃത്തങ്ങള്‍ അറിയിക്കുന്നു.
ഇന്‍ഫ്രാസ്ട്രക്ച്വര്‍ നിക്ഷേപമായതിനാല്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടാകും. പെന്‍ഷന്‍ ഫണ്ടുകളില്‍, ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍), പിഎഫ്ആര്‍ഡിഎ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി) എന്നിവയ്ക്ക് നിക്ഷേപിക്കാനുള്ള കോര്‍പ്പസ് ഉണ്ട്.
2022-23 ലാണ് സര്‍ക്കാര്‍ ആദ്യമായി ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കിയത്. അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ഈ ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ വര്‍ഷത്തെ വായ്പാ പദ്ധതിയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും, 2022-23 ല്‍ ലഭിച്ച ഗ്രീനിയത്തില്‍ സര്‍ക്കാരിന് മതിപ്പില്ല.
ഗ്രീന്‍ബോണ്ടുകളുടെ ഡിമാന്റ് ഉയരുന്നതിനാല്‍ വായ്പാ ചെലവ് കുറയാന്‍ സാധ്യതയുണ്ട്. സുസ്ഥിര ബോണ്ടിനോടുള്ള ആഭിമുഖ്യവും പരിസ്ഥിതി സംരക്ഷണത്തിനുള്ള അനുകൂല മനസ്ഥിതിയും കാരണം ഹരിത ബോണ്ടുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ ഏര്‍പെടുത്തിയാല്‍ മതിയാകും.